ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ശിശുമരണങ്ങളുടെ പേരില്‍ പരസ്പരം പഴിചാരലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒട്ടും ആശ്വാസം നല്‍കുന്ന വാര്‍ത്തകളല്ല ആഗോളതലത്തില്‍ വരുന്നതും. 2016ലെ കണക്കുകള്‍ പ്രകാരം അഞ്ചുവയസ്സിനു താഴെയുള്ള 0.9 ദശലക്ഷം ശിശുക്കളാണ് ഇന്ത്യയില്‍ മരിച്ചത്. ശിശുമരണങ്ങളുടെ നിരല്‍ ലോകത്തേറ്റവും ദരിദ്ര രാഷ്ട്രങ്ങളെയടക്കം കടത്തിക്കൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്താണ് എന്നാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച
ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2016 ന്റെ വിശകലനം.
2016ല്‍ സംഭവിച്ച അഞ്ചുവയസ്സിനു താഴെയുള്ള ശിശു മരണങ്ങളുടെ 24·8ശതമാനവും തെക്കേഷ്യയിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പടിഞ്ഞാറന്‍ സഹാറന്‍ ആഫ്രിക്കയില്‍ നിന്നും 28·1 ശതമാനം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍. 16·3 ശതമാനം ശിശുമരണങ്ങളാണ് കിഴക്കന്‍ സഹാറന്‍ ആഫ്രിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഷ്ട്രങ്ങളുടെ കണക്ക് പരിശോധിക്കുകയാണ് എങ്കില്‍ 0·8 മുതല്‍ 0·9 ദശലക്ഷം ശിശുമരണങ്ങളുമായി ഇന്ത്യയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനം 0·6 മുതല്‍ 0·7 ദശലക്ഷം മരണങ്ങലുള്ള നൈജീരിയയ്ക്കാണ്. മൂന്നാമതുള്ള കോങ്ഗോയില്‍ 0·1- 0·3 ദശലക്ഷം ശിശുക്കള്‍ മരണപ്പെട്ടു എന്നും വിശകലനം പറയുന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ജനിക്കുന്ന ആയിരത്തില്‍ അമ്പത് പേര്‍ എന്നാണു അഞ്ചു വയസ്സിനു താഴെയുള്ള ശിശു മരണങ്ങളുടെ നിരക്ക്. ശിശുമരണങ്ങളുടെ വാര്‍ത്ത നിറഞ്ഞുനിന്ന ഉത്തര്‍പ്രദേശില്‍ ഇത് 78 ആണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ അഞ്ചുവയസ്സിനു താഴെയുള്ള ശിശുമരണങ്ങള്‍ ഏഴാണ്.
ആഗോളതലത്തില്‍ ശിശുമരണങ്ങള്‍ കുറഞ്ഞുവരുന്നു എന്ന നിരീക്ഷണവും ലാന്‍സെറ്റ് മുന്നോട്ടു വെക്കുന്നുണ്ട്.