ന്യൂഡല്‍ഹി: പിഡിപി എംപിമാരോട് രാജ്യസഭയില്‍ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹരി നിവാസ് ഗസ്റ്റ് ഹൗസില്‍ നിന്നും ചേഷ്മ ഷാഹി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയപ്പോഴാണ് പിഡിപി നേതാവ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ആര്‍ട്ടിക്കിള്‍ 37 0 റദ്ദാക്കിയതിന് പിന്നാലെ മുഫ്തിയേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ അറസ്റ്റ് ചെയ്തിരുന്നു.
പിഡിപിയ്ക്ക് രണ്ട് എംപിമാരാണ് രാജ്യസഭയിലുള്ളത്. മിര്‍ ഫയാസും നസീര്‍ അഹ്മദ് ലവായും. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്ന പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പിഡിപി എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഫയാസ് തന്റെ കുര്‍ത്ത വലിച്ചു കീറി പ്രതിഷേധിച്ചു. പിന്നാലെ ഇരുവരും ഭരണഘടനയുടെ കോപ്പി കീറി. ഇതോടെ രണ്ട് പേരേയും രാജ്യസഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് മുഫ്തയും ഒമറും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ ജനതയോട് ചെയ്ത വഞ്ചനയാണെന്നായിരുന്നു മുഫ്തിയുടെ പ്രതികരണം. ഞെട്ടിക്കുന്നതും ഏകപക്ഷീയവുമായ തീരുമാനമാണെന്ന് ഒമര്‍ അബ്ദുള്ളയും പ്രതികരിച്ചു.
വീട്ടുതടങ്കലില്‍ കഴിയവേയാണ് അവര്‍ എം.പിമാര്‍ക്ക് സന്ദേശം കൈമാറിയത്. ഒന്നുകില്‍ രാജി അല്ലെങ്കില്‍ ബഹിഷ്‌കരണം എന്നാണ് മെഹ്ബൂബ മുഫ്തി എം.പിമാരോട് പറഞ്ഞതെന്നാണ് പാര്‍ട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചത്.
അതേസമയം രാജിക്കാര്യം തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ പി.ഡി.പി നേതൃത്വത്തില്‍ നിന്നും കൃത്യമായ നിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നുമാണ് എം.പി ഫയാസ് പ്രതികരിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചതുകൊണ്ട് തന്നെ ആരുമായും ആശയവിനിമയം സാധ്യമായിട്ടില്ലെന്നും പ്രത്യേക യോഗം ചേര്‍ന്ന ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.