ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത മാതാവിനെ കാണണമെന്ന് പറഞ്ഞ് കരയുന്ന രണ്ട് വയസുകാരന്റെ വിഷമം സഹിക്കാനാവാതെ പിതാവ് ആത്മഹത്യ ചെയ്തു. 30കാരനായ വിജയ് ദ്വിവേദിയാണ് മകന്റെ സങ്കടം സഹിക്കാനാവാതെ ജീവനൊടുക്കിയത്. അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന് മകന്‍ ഓരോ തവണ പറയുമ്പോഴും താന്‍ വേദന തിന്നുകയായിരുന്നുവെന്ന് വിജയിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

10 ദിവസം മുമ്പ് വിജയിയുടെ ഭാര്യ തൂങ്ങിമരിച്ച അതേ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് വിജയിയും ജീവനൊടുക്കിയത്. മാര്‍ച്ച് 22നാണ് പ്രിയ ദ്വിവേദി തൂങ്ങി മരിച്ചത്. മുറി അകത്ത് നിന്നും പൂട്ടി സാരിയില്‍ തൂങ്ങിയാണ് പ്രിയ മരിച്ചത്. “ഓരോ തവണ എന്റെ മകന്‍ കരയുമ്പോഴും അതിന്റെ വേദന എനിക്ക് താങ്ങാന്‍ കഴിയാതെ ശബ്ദമുണ്ടാക്കാതെ ഞാനും കരയും. പ്രിയ ഇല്ലാതെ ഒറ്റപ്പെട്ടത് പോലെ എനിക്ക് തോന്നുന്നു. പ്രിയ പോയ ലോകത്തേക്ക് ഞാനും പോകുന്നു”, ഇതായിരുന്നു ദ്വിവേദിയുടെ ആത്മഹത്യാകുറിപ്പിലെ വരികളെന്ന് പൊലീസ് പറയുന്നു.

ലക്നൗ സ്വദേശികളായ ഇരുവരും 2013ലാണ് വിവാഹം ചെയ്തത്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പ്രിയ ആത്മഹത്യ ചെയ്യുന്ന ദിവസം ഇരുവരും വഴക്കടിച്ചിരുന്നു. സാധനങ്ങല്‍ വാങ്ങാന് പണം വേണമെന്ന് പ്രിയ ആവശ്യപ്പെട്ടെങ്കിലും ദ്വിവേദി കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലെ പണപ്പെട്ടി പൊട്ടിച്ച പ്രിയയോട് ദ്വിവേദി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതാണ് പ്രിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

പ്രിയയുടെ മരണശേഷം താനും മരിക്കുമെന്ന് ദ്വിവേദി പതിവായി പറയാറുണ്ടായിരുന്നതായി സഹോദരനായ സഞ്ജയ് പറഞ്ഞു. താന്‍ മരിച്ചാല്‍ തന്റെ മകനെ നിങ്ങള്‍ നോക്കണമെന്നും എപ്പോഴും പറയും. എന്നാല്‍ ദ്വിവേദി ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook