രാജ്കോട്: ഗോരക്ഷർ 2016 ൽ അതിക്രൂരമായി ആക്രമിച്ച ഉന താലൂക്കിലെ മോട സമധിയാല ഗ്രാമത്തിലെ ദലിതർ എല്ലാവരും ബുദ്ധമതത്തിലേക്ക് കൂട്ടപരിവർത്തനത്തിന് ഒരുങ്ങുന്നു. നാളെ ഉനയിൽ നടക്കുന്ന സമ്മേളനത്തിലൂടെയാണ് എല്ലാവരും കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുക.

ദലിതർക്ക് പുറമെ ഇവിടുത്തെ മറ്റ് ജാതിക്കാരിൽ ചിലരും ബുദ്ധമത പരിവർത്തനത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ജൂലൈ 2016 ൽ ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയായ ഏഴ് പേരിൽ ഒരാളായ ബാലു സർവൈയ്യ, ജാതി വിഭജനമാണ് തങ്ങൾ ആക്രമിക്കപ്പെടാൻ കാരണമെന്ന് പറഞ്ഞു. “ഞങ്ങൾ ഹിന്ദുക്കളാണ്. എന്നാൽ അവർ ഞങ്ങൾ ഹിന്ദുക്കളല്ലെന്ന് പറഞ്ഞാണ് ഞങ്ങളെ ആക്രമിച്ചത്. ഇനിയും ഇതിനോട് ഏറ്റുമുട്ടാൻ സാധിക്കില്ല. അംബേദ്‌കർ മുൻപ് പറഞ്ഞത് പോലെ ഞങ്ങളെല്ലാം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ്,” അദ്ദേഹം നിലപാട് വ്യക്തമാക്കി.

ദേശീയ തലത്തിൽ തന്നെ വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചതാണ് ഈ സംഭവം. പിന്നാലെ ബാലു സർവ്വൈയെയും അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് മക്കളെയും രണ്ട് മരുമക്കളെയും ഒരു ബന്ധുവിനെയും ആക്രമിച്ച സംഭവത്തിൽ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാളെ ബാലു സർവൈയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ 2000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനോടകം 550 പേർ മതപരിവർത്തനത്തിനുളള സമ്മത പത്രം ജില്ല മജിസ്ട്രേറ്റിന്റെ അനുമതിയോടെ തയ്യാറാക്കി കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook