ന്യൂഡല്‍ഹി : നാന്നൂറ് കോടി രൂപയോളം ചെലവിട്ട് ഹിന്ദി യുണൈറ്റഡ് നാഷന്സില് ഔദ്യോഗിക ഭാഷയാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എന്നാല്‍ യുഎന്നിലെ ചില നിയമങ്ങളാണ് അതിന് തടസമാകുന്നത് എന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച ലോകസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുഷമാ സ്വരാജ്.
യുഎന്നിന്റെ നിയമാവലികള്‍ പ്രകാരം അംഗരാഷ്ട്രങ്ങളില്‍ മൂന്നില്‍ രണ്ട് പേര് അംഗീകരിക്കുന്നുണ്ട് എങ്കില്‍ മാത്രമേ അങ്ങനെയൊന്ന് ചെയ്യാനാകൂ. അതായത് 193 രാഷ്ട്രങ്ങളില്‍ 129പേര് ഇന്ത്യയെ പിന്തുണയ്ക്കേണ്ടി വരും. ഇതിനുപുറമെ എല്ലാ അംഗ രാഷ്ട്രങ്ങളും അതിന് വരുന്ന ചെലവും വഹിക്കേണ്ടിവരും.
“മൂന്നില്‍ രണ്ട് രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ ചെലവിന്റെ കാര്യം വരുമ്പോള്‍ പല ചെറു രാഷ്ട്രങ്ങള്‍ക്കും മടിയുണ്ടാകും. അതാണ് യുഎന്നില്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കുന്നതില്‍ വലിയ കടമ്പയായി നില്‍ക്കുന്നത്.” എന്നാല്‍ അതിനുള്ള ശ്രമം തുടരുകയാണ് എന്ന് പറഞ്ഞുകൊണ്ട് സുഷമാ സ്വരാജ് പറഞ്ഞു.
ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കണം എങ്കില്‍ ഇന്ത്യയ്ക്ക് 40 കോടി രൂപ നല്‍കേണ്ടി വരും എന്ന് ഒരു ബിജെപി നേതാവ് സൂചിപ്പിച്ചപ്പോള്‍ ആവശ്യമെങ്കില്‍ ” 400കോടി രൂപ മുഴുവനായി വഹിക്കാന്‍” സര്‍ക്കാര്‍ തയ്യാറാണ് എന്നായിരുന്നു സുഷമാ സ്വരാജിന്റെ മറുപടി.
അതേസമയം സുഷമാ സ്വരാജിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ശശി തരൂര്‍ എംപി മുന്നോട്ട് വന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല കേവലം ഔദ്യോഗിക ഭാഷകളില്‍ ഒന്നു മാത്രമാണ് എന്നിരിക്കെ എന്തിനാണ് രാജ്യം യുഎന്നില്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ ഇത്രമാത്രം പ്രയത്നിക്കുന്നത് എന്നായിരുന്നു തിരുവനന്തപുരത്ത് നിന്നുമുള്ള എംപി ശശി തരൂര്‍ ചോദിച്ചത്.
“നാളെ തമിഴ്നാട്ടില്‍ നിന്നോ പശ്ചിമബംഗാളില്‍ നിന്നോ ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായെങ്കില്‍ അവര്‍ യുഎന്നില്‍ ഹിന്ദിയില്‍ പ്രസംഗിക്കണം എന്ന് നമ്മള് എന്തിനാണ് നിര്‍ബന്ധിക്കുന്നത്. ” ശശി തരൂര്‍ ചോദിച്ചു.
ഇന്ത്യയില്‍ മാത്രമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായിട്ടുള്ളത് എന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂറിനെ എതിര്‍ത്ത സുഷമാ സ്വരാജ് ഫിജിയിലും ഹിന്ദി ഔദ്യോഗിക ഭാഷയാണ് എന്ന് ശശി തരൂറിന് അറിയില്ലെന്ന് പറഞ്ഞു. മോറീഷ്യസ്, സുരിനാമെ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിങ്ങനെ പല രാജ്യങ്ങളിലും വ്യാപകമായി സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നും സുഷമാ സ്വരാജ് പറഞ്ഞു.