ജനീവ: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും എത്രയും പെട്ടെന്ന് നീക്കണമെന്നും മനുഷ്യാവാകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമീഷണര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് നിര്‍ദേശമുള്ളത്. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന വിവരങ്ങള്‍ പ്രചരിക്കുന്നെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയാ ഉപയോഗം വിലക്കുന്നത് കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് യുഎന്‍ അറിയിച്ചു.

ഏപ്രില്‍ 26നാണ് കശ്മീരില്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെ 26ഓളം സോഷ്യല്‍മീഡിയ സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സൈന്യം അനാവശ്യ കൈയേറ്റം നടത്തുന്നെന്ന് ആരോപിച്ച് താഴ്വരയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അരങ്ങേറിയിരുന്നു.

സൈന്യം കശ്മീര്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകളും പ്രചരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജമ്മുവില്‍ സോഷ്യല്‍മീഡിയ ഉപയോഗത്തിന് വില്ലക്കേര്‍പ്പെടുത്തിയത്. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തിവച്ചിരുന്നു.

ഇത്തരത്തിലുള്ള വിലക്ക് നീക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭാ പ്രതിനിധികള്‍ അറിയിച്ചു. ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും കശ്മീരില്‍ അഭിപ്രായപ്രകടനത്തിനുള്ള അവകാശം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും യുഎന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook