ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് യുഎസിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. യുഎന്‍ നടപടി ഫലസ്തീന്‍ മേഖലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്നിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് എട്ട് രാജ്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ അവഗണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതായും തങ്ങളുടെ എംബസി തെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചത്. ഇതിനെതിരേ ലോകത്തെങ്ങും പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നത്.

ദ്വിരാഷ്ട്രസങ്കല്പത്തെ പിന്തുണയ്ക്കുന്ന തങ്ങള്‍ ജറുസലേമില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കില്ലെന്ന് രക്ഷാസമിതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി. അതേസമയം, യു.എന്‍. നടപടിയെ അമേരിക്ക കടുത്ത ഭാഷയില്‍ അപലപിച്ചു. വര്‍ഷങ്ങളായി ഇസ്രയേലിനുനേരേ ശത്രുതാമനോഭാവം സൂക്ഷിക്കുന്ന ലോകത്തിലെതന്നെ പ്രധാനകേന്ദ്രമാണ് യു.എന്‍. എന്ന് യു.എസ്. പ്രതിനിധി നിക്കി ഹാലേ പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തിലെ ഏറ്റവും വൈകാരികമായ വിഷയമാണ് ജറുസലേം. അതിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത് സമാധാനപ്രക്രിയയെ തകിടംമറിക്കുമെന്നതാണ് യുഎന്നിന്റെ പ്രഖ്യാപിത നിലപാട്. ഇതിനെതിരായ സമീപനമാണ് യുഎസില്‍ നിന്നുണ്ടായതെന്ന് യുഎന്നിന്റെ പശ്ചിമേഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ നിക്കൊളായ് മ്ലദനോവ് പറഞ്ഞു. മേഖലയിലാകെ കനത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച നടപടിയെ ‘ഇസ്രായേലിന്റെ താന്തോന്നിത്തങ്ങള്‍ക്കുള്ള യുഎസ് സമ്മാന’മെന്നാണ് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ യോഗത്തില്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന യുഎസ് തീരുമാനം തള്ളുന്നതായി ജറുസലേമിലെ മുസ്‌ലിം-ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയായ ജോര്‍ദാന്‍ യുഎന്നിനെ അറിയിച്ചു. യുഎസ് നടപടി ജറുസലേമിന്റെ നിലവിലെ സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും നടപടിയെ തള്ളിക്കളയുന്നതായും യുഎന്നിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അംറ് അബ്ദുല്ലത്തീഫ് പറഞ്ഞു.

അതേസമയം, പലസ്തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും സംഘര്‍ഷത്തിലും മൂന്നുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഒരാള്‍ മരിച്ചത്. അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേരും മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ