ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാരനടപടികള്‍ കൊണ്ടും വിരട്ടല്‍ കൊണ്ടും കുപ്രസിദ്ധി നേടിയ 38 രാജ്യങ്ങളുടെ ‘നാണംകെട്ട’ പട്ടിക ഐക്യരാഷ്ട്രസഭ തയ്യാറാക്കി. ചൈന, റഷ്യ എന്നീ രാജ്യങ്ങളുളള പട്ടികയില്‍ ഇന്ത്യയും ഇടംനേടിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊലപ്പെടുത്തുക, പീഡിപ്പിക്കുക, കേസില്‍ പെടുത്തുക, നിയമപരമല്ലാതെ അറസ്റ്റ് ചെയ്യുക എന്നിങ്ങനെ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയാണ് വാര്‍ഷിക റിപ്പോര്‍ട്ടായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തയ്യാറാക്കിയത്.

മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരേയും ഇരകളേയും ലക്ഷ്യമിടുക, അവരെ ഉപദ്രവിക്കുക, നിരീക്ഷിക്കുക, കുറ്റവാളിയാക്കുക, സമൂഹത്തില്‍ കളങ്കപ്പെടുത്താനായി പ്രചാരണം നടത്തുക എന്നിവയൊക്കെ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട്. ‘മനുഷ്യാവകാശത്തിന് വേണ്ടി ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തുന്നവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നുണ്ട്. വിവരങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടത് പ്രകാരം അവര്‍ ഐക്യരാഷ്ട്രസഭയോട് സഹകരിക്കുന്നുണ്ട്. ഞങ്ങളോട് സഹകരിക്കുന്നതിന് അവരെ ശിക്ഷിക്കുന്ന നടപടി ലജ്ജാകരവും ഈ കീഴ്‍വഴക്കം നമ്മള്‍ തടയുകയും വേണം’, ഗുട്ടറസ് പറഞ്ഞു.

പട്ടികയില്‍ ഉള്‍പ്പെട്ട 38 രാജ്യങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. ഭീകരവാദം ആരോപിക്കുക, വിദേശശക്തികളുമായി സഹകരിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുക, രാജ്യത്തിന്റെ പേരിന് കളങ്കം ഉണ്ടാക്കിയെന്ന് പറയുക, സുരക്ഷാഭീഷണി ഉണ്ടാക്കിയെന്ന കുറ്റം ചുമത്തുക തുടങ്ങിയവയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ പതിവായി എടുക്കുന്ന അടവ്.

ബഹൈറൈന്‍, കാമറൂണ്‍, ചൈന, കൊളംബിയ, ക്യൂബ, കോംങ്കോ, ജിബൂട്ടി, ഈജിപ്ത്, ഗ്വാട്ടിമാല, ഗുയാന, ഹോണ്ടുറാസ്, ഹംഗറി, ഇന്ത്, ഇസ്രയേല്‍, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, മാലി, മൊറോക്കോ, മയാന്‍മര്‍, ഫിലിപ്പീന്‍സ്, റഷ്യ, റുവാണ്ട, സൗദി അറേബ്യ, ദക്ഷിണ സുഡാന്‍, തായ്‌ലൻഡ്, ട്രിനിഡാഡ്, ടൊബാഗോ, തുര്‍ക്കി, വെനസ്വേല എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ബലാത്സംഗ ഭീഷണിയും ഓണ്‍ലൈന്‍ വിദ്വേഷ ക്യാംപെയിനും ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ