ന്യൂഡല്‍ഹി: രാജ്യത്ത് ശാശ്വതമായ സമാധാനം കണ്ടത്തുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയുടെ പിന്തുണ തേടി യുക്രൈന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട് പശ്ചാത്തലത്തിലാണ് നീക്കം.
യുക്രൈന്‍ പ്രസിഡന്റ് വോളിഡിമര്‍ സെലന്‍സ്കിയുടെ ഓഫിസിന്റെ ചുമതല വഹിക്കുന്ന ആൻഡ്രി യെർമാക്ക് ഇന്ത്യയുടെ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി നേരിട്ട് സംസാരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഡോവല്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യുക്രൈനിന്റെ നടപടി.
സഖ്യകക്ഷികളുമായി കൂടിയാലോചിച്ചും നിരവധി രാജ്യങ്ങളുമായി ചർച്ച ചെയ്തും യുക്രൈന്‍ തയാറാക്കിയ പ്രമേയം അടുത്ത ദിവസങ്ങളില്‍ യുഎന്‍ജിഎയുടെ പ്രത്യേക അടിയന്തര സമ്മേളനത്തിന്റെ അവസാനം വോട്ടെടുപ്പിനായി വയ്ക്കും.
പ്രമേയത്തിന് പിന്തുണ തേടി ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് വിവരം. ഫ്രാന്‍സ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കാനാണ് സാധ്യതയെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി യുക്രൈനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ വന്ന പല പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യെര്‍മാക്ക് ഡോവലിനോട് പറഞ്ഞതായാണ് സെലന്‍സ്കിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ജനുവരിയില്‍ നടന്ന ‘വോയിസ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയില്‍ വികസ്വര, വികസിത രാജ്യങ്ങളുടെ മുൻനിര ശബ്ദമായി ഇന്ത്യ സ്വയം ഉയര്‍ത്തി കാണിച്ചിരുന്നു.
“ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ പ്രമേയത്തെ നിങ്ങൾ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ലക്ഷ്യങ്ങൾ സുതാര്യവും വ്യക്തവുമാണ്. റഷ്യൻ മേഖലയുടെ ഒരു സെന്റീമീറ്റർ പോലും ഞങ്ങൾക്ക് ആവശ്യമില്ല, ഞങ്ങളുടെ മണ്ണ് തിരികെ ലഭിക്കാൻ മാത്രം ആഗ്രഹിക്കുന്നു,” യെര്‍മാക്ക് ഡോവലിനോട് പറഞ്ഞതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.