ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് യുഎന്‍. രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ നിയമം തത്വത്തില്‍ മൗലികാവകാശങ്ങളിലെ വിവേചനമാണെന്ന് യുഎന്‍. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പുറന്തള്ളപ്പെട്ടവരും പീഡിതരുമായ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍, പുതിയ നിയമം മുസ്ലീങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ ബോഡി ട്വീറ്റ് ചെയ്തു.

Read Also: നിശബ്ദരാകില്ല, വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ഇന്ത്യ മുട്ടുകുത്തില്ല: നിലപാട് ആവര്‍ത്തിച്ച് പിണറായി വിജയൻ

ബിൽ ഭരണഘടനാപരമായി ഇന്ത്യ ഉറപ്പു നൽകുന്ന സമത്വത്തിനെതിരാണെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസരിച്ച് വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ യുഎൻ നേരത്തെയും രംഗത്തെത്തിയിരുന്നു.

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം തുടരുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ 17 വരെ ഗുവാഹത്തിയില്‍ നടക്കേണ്ട ഉച്ചകോടിയാണ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനമെടുത്തത്.

Read Also: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കണ്ണന്‍ ഗോപിനാഥനെ അറസ്റ്റ് ചെയ്തു

അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉച്ചകോടി ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയവും തീരുമാനിച്ചു. ഗുവാഹത്തിയില്‍ പ്രതിഷേധത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook