ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ കക്ഷിചേരാന്‍ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. അതേസമയം, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതിൽ ഇടപെടാൻ ഒരു വിദേശ ഏജൻസിക്കും അവകാശമില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

”പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, നിയമങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരത്തിൽ ഇടപെടുന്നത് ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു വിദേശ കക്ഷിക്കും ഇടപെടാൻ കഴിയില്ല. സി‌എ‌എ ഭരണഘടനാപരമായി സാധുതയുള്ളതും ഭരണഘടനാ മൂല്യങ്ങളുടെ എല്ലാ ആവശ്യകതകളും പാലിക്കുന്നതുമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇന്ത്യയിലെ ഓരോരുത്തർക്കും ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനവും പൂർണ വിശ്വാസവുമുണ്ട്. സുപ്രീം കോടതിയിൽ ഞങ്ങളുടെ നിലപാട് തെളിയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

Read Also: ഡൽഹി കലാപം: പൊലീസിനുനേരെ വെടിവച്ച യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ കൊണ്ടുവന്നതിനുശേഷം രാജ്യത്തുടനീളം വൻ പ്രതിഷേധം നടന്നിരുന്നു. മുസ്‌ലിമുകളോട് വിവേചനം കാണിക്കുന്നതിനാണ് നിയമം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടനയുടെ മതേതര തത്വങ്ങൾ ലംഘിക്കുന്നതാണെന്നുമാണ് വിമർശകർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook