ന്യൂയോർക്: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിങ്ങളെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേർസ്. മ്യാന്മറിൽ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങളെ സെക്യൂരിറ്റി കൗൺസിൽ അപലപിച്ചു.

3.8 ലക്ഷം പേരാണ് ഇതുവരെ ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. സെക്രട്ടറി ജനറലിന്റെ പ്രസ്താവന ഒൻപത് വർഷത്തിനിടെ യുഎൻ നടത്തിയ ഏറ്റവും ശക്തമായ പ്രതികരണമാണ് എന്ന് ബ്രിട്ടനിൽ നിന്നുള്ള യുഎൻ അംബാസഡർ മാത്യു റെയ്ക്രോഫ്റ്റ് അഭിപ്രായപ്പെട്ടു.

മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യൻ മുസ്ലിങ്ങൾക്കെതിരായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് രക്ഷാ സമിതിയിലെ അംഗരാഷ്ട്രങ്ങൾക്ക് സെക്രട്ടറി ജനറൽ കത്തയച്ചു. 1989 ന് ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ സെക്രട്ടറി ജനറൽ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങൾക്ക് കത്തയക്കുന്നത്.

മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ കഴിഞ്ഞ ദിവസം രക്ഷാ സമിതിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. രക്ഷാസമിതി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് ആംനെസ്റ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook