ന്യൂഡല്‍ഹി: അക്രമി തനിക്കെതിരെ തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നെന്ന് ഉമർ ഖാലിദ്. തനിക്കെതിരെ ആക്രമണമുണ്ടായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമർ ഖാലിദ്. തന്നെ രക്ഷിച്ച സുഹൃത്തുക്കള്‍ക്ക്  അദ്ദേഹം  നന്ദി പറഞ്ഞു.

”അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഞാന്‍ നന്നായി പേടിച്ചുപോയി. ആ സമയത്ത് ഗൗരി ലങ്കേഷിന് സംഭവിച്ചതാണ് ഓര്‍മ്മ വന്നത്. എനിക്കും അങ്ങനെ വരുമെന്ന് തോന്നി. അയാളെ കീഴ്‌പ്പെടുത്തി ജീവന്‍ രക്ഷിച്ചതിന് എന്റെ സുഹൃത്തുക്കള്‍ക്ക് വളരെ നന്ദി,” ഉമർ ഖാലിദ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ചില മാധ്യമങ്ങളും ഭരണകൂടത്തിന്റെ ട്രോള്‍ സൈന്യങ്ങളും ചേര്‍ന്ന് തനിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും സര്‍ക്കാരിനെയോ അതിന്റെ നയങ്ങളെയോ എതിര്‍ക്കുകയാണെങ്കില്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് തന്നെ കൊലപാതക ശ്രമമുണ്ടായത് വിരോധാഭാസമാണെന്നും പക്ഷെ ആക്രമണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നും ഉമർ ഖാലിദ് പറഞ്ഞു.

ഡല്‍ഹി റഫി മാര്‍ഗില്‍ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന് പുറത്തുവച്ചാണ് സംഭവം. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിനു പുറത്തെ കടയിൽ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അജ്ഞാതനായ ഒരാൾ പുറകിലൂടെ വന്ന് തന്റെ കഴുത്തിൽ കടന്നു പിടിച്ചെന്ന് ഉമർ പറയുന്നു. അയാളുടെ കൈയ്യിൽ തോക്കുണ്ടായിരുന്നെന്നും അതുകൊണ്ട് താൻ കൈയ്യിൽ കടന്നു പിടിച്ചെന്നും ഉമർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

“അയാൾ എന്നെ നിലത്തേക്ക് തള്ളിയിട്ട് ഇടിച്ചു. എന്റെ സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന തോക്ക് വലിച്ചെറിഞ്ഞ് അയാൾ ഓടിപ്പോയി.” സംഭവ സ്ഥലത്തുനിന്നും തോക്ക് കണ്ടെത്തിയിട്ടുണ്ട്.

റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിനു പുറത്തു നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിനു ഏതാനും മീറ്റർ അകലെയായാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്. ഇവിടെ ‘റ്റുവേര്‍ഡ്‌സ് എ ഫ്രീഡം വിത്തൗട്ട് ഫിയര്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ