/indian-express-malayalam/media/media_files/uploads/2022/10/Umar-Khalid.jpg)
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യു എ പി എ കേസില്‍ രണ്ടു വര്‍ഷമായി ജയില്‍ കഴിയുന്ന ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി രണ്ടു വര്‍ഷത്തിനുശേഷമാണ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്.
ഡിസംബര്‍ 23 മുതല്‍ ഒരാഴ്ചത്തേക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടുന്നതു തേടാതെ 30 നു കീഴടങ്ങണം. ജാമ്യം അനുവദിച്ച ആഴ്ചയില്‍ ഉമറിനു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജഡ്ജി പറഞ്ഞു. വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 14 ദിവസത്തെ ഇടക്കാല ജാമ്യം തേടിയാണ് ഉമര്‍ കോടതിയെ സമീപിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുജനങ്ങളെ കാണുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു.
ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ത്തു. ഇടക്കാല ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും അതു തടയാന്‍ കഴിയുന്നതല്ലെന്നും സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
''യു എ പി എ പ്രകാരം വളരെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ അപേക്ഷകന്റെ ഇടക്കാല ജാമ്യത്തെ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ പതിവ് ജാമ്യാപേക്ഷ ഈ കോടതി തള്ളിയതാണ്. അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും തള്ളി,''പൊലീസ് മറുപടി സെത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
2020ലെ കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉമര്‍ ഖാലിദിനെയും യുണൈറ്റഡ് എയെ്ന്‍സ്റ്റ് ഹേറ്റ് അംഗം ഖാലിദ് സെയ്‌ഫിയെയും അഡീഷണല്‍ സെഷന്‍സ് കോടതി ഡിസംബർ മൂന്നിനു കുറ്റവിമുക്തമാക്കിയിരുന്നു. എന്നാൽ ഇതേ കുറ്റം ആരോപിച്ച് റജിസ്റ്റർ ചെയ്ത യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇവർക്കു ജയിലിൽ തുടരേണ്ടി വരുന്നത്. ഈ കേസിലാണ് ഇപ്പോൾ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us