ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും യുണൈറ്റഡ് എയെ്ന്‍സ്റ്റ് ഹേറ്റ് അംഗം ഖാലിദ് സെയ്‌ഫിയെയും വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തമാക്കി. അതേസമയം, യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
2020ലെ കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കുറ്റവിമുക്തമാക്കിയത്. ഖാലിദ് സെയ്‌ഫിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കേസില്‍ വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല.
ചാന്ദ്ബാഗ് മേഖലയില്‍ ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ഒരു പ്രാദേശിക പാര്‍ക്കിങ് സ്ഥലത്ത് അഭയം തേടി കോണ്‍സ്റ്റബിള്‍ സ്വയം രക്ഷയ്ക്കു ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം പാര്‍ക്കിങ് ലോട്ടിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുള്ളവരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തുവെന്നാണു കേസ്.
ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കലാപകാരികള്‍ കല്ലെറിയാനായി ഉപയോഗിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇരു പ്രതികളും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് ഈ കേസില്‍ പ്രതികളാക്കിയത്. കേസില്‍ വെറുതെ വിട്ടതിനെ ഉമര്‍ ഖാലിദിന്റെയും ഖാലിദ് സൈഫിയുടെയും കുടുംബങ്ങള്‍ സ്വാഗതം ചെയ്തു.
”രണ്ടുവര്‍ഷത്തെ നീണ്ട കാലയളവിനുശേഷം ഞങ്ങള്‍ക്ക് ഈ സന്തോഷവാര്‍ത്ത ലഭിച്ചു. ഇതു ഞങ്ങളുടെ അഭിഭാഷക സംഘത്തിന്റെ കഠിനമായ സ്ഥിരോത്സാഹത്തിന്റെ ഫലമാണ്. അവനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. യു എ പി എ കേസില്‍ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിലും ആരോപണങ്ങള്‍ സമാനമാണ്. യു എ പി എ കേസിലും അവന്‍ മോചിതനാകുമെന്നു പ്രതീക്ഷിക്കുന്നു,” ഉമര്‍ ഖാലിന്റ പിതാവിന്റെ പിതാവ് എസ് ക്യു ആര്‍ ഇല്യാസ് കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
”അവര്‍ കള്ളക്കേസ് ചുമത്തി. വളരെക്കാലത്തിനു ശേഷം ഞങ്ങള്‍ വിജയിച്ചു. കേസ് തള്ളിയതു പൊലീസിനേറ്റ അടിയാണ്. ഇതു വളരെക്കാലത്തിനുശേഷമുള്ള ദൈവത്തിന്റെ സമ്മാനമാണ്. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല,” എന്നായിരുന്നു ഖാലിദ് സെയ്‌ഫിയുടെ ഭാര്യ നര്‍ഗീസിന്റെ പ്രതികരണം.