ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകം. ബെക്കിങ്ഹാം കൊട്ടാരം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രാജകുമാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ഇംഗ്ലണ്ടിലെ സാൻട്രിങ്ഹാമിൽ വച്ച് രാജകുമാരൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആ കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആർക്കും പരുക്കേറ്റിരുന്നില്ല. എല്ലാവരെയും പിന്നീട് ഡിസ്ചാർജ് ചെയ്തു.

അതേസമയം, ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കൊട്ടാരം വക്താവ് സ്ഥിരീകരിച്ചു. ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചുവെന്നും യാതൊരുവിധ കുഴപ്പവുമില്ലെന്നും ഫിലിപ്പ് രാജകുമാരൻ പിന്നീട് എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ വസതിയായ സാൻട്രിങ്ഹാമിലേക്ക് പോയെന്നും കൊട്ടാരം വക്താവ് അറിയിച്ചു.

അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം 1947 ലായിരുന്നു. 2017 ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിൽനിന്നും വിരമിച്ചത്. പൊതുപരിപാടികളിൽ എലിസബത്ത് രാജ്ഞിക്കൊപ്പം അദ്ദേഹം എത്താറുണ്ട്. രാജ കുടുംബത്തിന്റെ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook