ന്യൂഡൽഹി: യുക്രൈനിൽനിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരുടെ സംഘമെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റിൽനിന്ന് പുറപ്പെട്ട വിമാനം 19 മലയാളികൾ ഉൾപ്പെടെ 219 ഇന്ത്യക്കാരുമായി മുംബൈയിലെത്തിയത്. സംഘത്തെ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സ്വീകരിച്ചു.
ഇന്നുച്ചയ്ക്ക് ഇന്ത്യൻ സമയം 1.45നാണു വിമാനം ബുക്കാറെസ്റ്റിൽനിന്ന് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം 1.30ന് ഡല്‍ഹിയിലെത്തും. വിമാനത്തിൽ 17 മലയാളികളുണ്ട്.
യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെയാണ് ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ബുക്കാറെസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും എയർ ഇന്ത്യ വിമാനങ്ങൾ അയയ്ക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. വന്ദേ ഭാരത് മിഷന്റെ കീഴിൽ, 256 സീറ്റുകളുള്ള ബോയിങ് 787 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങി യുക്രൈനിന്റെ അതിർത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. “യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം സൂസെവ അതിർത്തി വഴി റൊമാനിയയിൽ എത്തും. സുസേവയിലെ ഞങ്ങളുടെ ടീം ബുക്കാറെസ്റ്റിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കുമുള്ള അവരുടെ യാത്ര സുഗമമാക്കും,” എംഇഎ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക സർക്കാർ ചാർട്ടർ വിമാനങ്ങൾ ഫെബ്രുവരി 26 ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ബുക്കാറെസ്റ്റ് (റൊമാനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടി സുഗമമാക്കുന്നതിന് ഹംഗറിയിലെ സഹോണി ബോർഡർ പോസ്റ്റ്, പോളണ്ടിലെ ക്രാക്കോവിക് ലാൻഡ് ബോർഡർ, സ്ലോവാക് റിപ്പബ്ലിക്കിലെ വിസ്‌നെ നെമെക്കെ, റൊമാനിയയിലെ സുസേവ ലാൻഡ് ബോർഡർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ടീമുകളെ അയച്ചതായി എംഇഎയും വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഇതിനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുക്രൈനിലേയും റഷ്യയിലെയും മറ്റ് നാല് അയൽരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചിരുന്നു.
ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിന് പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്സി പട്ടണങ്ങളിൽ മന്ത്രാലയം ക്യാമ്പ് ഓഫീസുകൾ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ലിവിവിലെ ക്യാമ്പ് ഓഫീസിന് പോളണ്ടിലേക്കും ഹംഗറിയിലേക്കുമുള്ള യാത്ര ഏകോപിപ്പിക്കാൻ കഴിയും, അതേസമയം ചെർനിവറ്റ്സിയിലുള്ളത് റൊമാനിയയിലേക്കുള്ള യാത്ര സുഗമമാക്കും.
ഇന്ത്യക്കാരുടെ യാത്ര ഏകോപിപ്പിക്കുന്നതിനായി റഷ്യൻ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയയ്ക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. “ഈ നഗരങ്ങളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാരെ അവിടെയുള്ള ഉദ്യോഗസ്ഥർ സഹായിക്കും, ഒപ്പം അവർക്ക് അടുത്തുള്ള അതിർത്തിയിലേക്ക് പുറപ്പെടാൻ സൗകര്യമൊരുക്കും,” അടുത്ത വൃത്തം പറഞ്ഞു. ഒഴിപ്പിക്കലിന്റെ പൂർണച്ചെലവ് സർക്കാർ വഹിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ ശനിയാഴ്ച കീവിലെക്ക് വിമാനമയക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ആ വിമാനം റദ്ദാക്കിയിരുന്നു. യുക്രൈൻ വ്യോമാതിർത്തി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച കീവിലേക്ക് പോയ വിമാനം അവിടെ ഇറങ്ങാതെ തിരിച്ചെത്തിയിരുന്നു.
യുക്രൈനിൽ ഏകദേശം 20,000 ഇന്ത്യക്കാർ ഉണ്ടെന്നും അതിൽ 4,000 പേർ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിയെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല വ്യാഴാഴ്ച പറഞ്ഞിരുന്നു.