കീവ്: തുറമുഖ നഗരമായ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നയന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. നേരത്തെ മരിയുപോളില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയില്‍ നിന്ന് നിരവധി സാധാരണക്കാരെ പുറത്തെത്തിച്ചിരുന്നു.
മരിയുപോളില്‍ യുക്രൈനായി പോരാടുന്നവര്‍ കീഴടങ്ങാന്‍ തയാറാകാതെ പ്രതിരോധിക്കുകയാണ്. റഷ്യന്‍ സൈന്യം പ്രതിരോധിക്കുന്നവരെ ഇല്ലാതാക്കാനുളള ശ്രമങ്ങള്‍ നടത്തുമെന്ന് യുക്രൈന് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ആക്രമണം ഏറ്റവും രൂക്ഷമായി തുടരുന്നത് മരിയുപോളിലാണ്. സ്റ്റീല്‍ പ്ലാന്റിന് താഴെയുള്ള തുരങ്കങ്ങളിലും ബങ്കറുകളിലും അഭയം പ്രാപിച്ച നൂറുകണക്കിന് സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നെങ്കിലും ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചതോടെ നിര്‍ത്തി വയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 50 പേരെ രക്ഷപ്പെടുത്തിയതായും ഇന്നും നടപടികള്‍ തുടരുമെന്നും യുക്രൈനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അറിയിച്ചു. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുന്നതിനാലാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍ തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ ഇരുനൂറോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് യുക്രൈനിന്റെ അനുമാനം. മരിയുപോള്‍ പിടിച്ചെടുത്തെന്ന് പുടിന് കഴിഞ്ഞ മാസം 21 ന് പ്രഖ്യാപനം നടത്തിയിരുന്നു. സ്റ്റീല്‍ പ്ലാന്റ് ഉപരോധിക്കാന്‍ ഉത്തരവിട്ട പുടിന് യുക്രൈന് സൈന്യത്തോട് കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു.
Also Read: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം