scorecardresearch
Latest News

Ukraine Russia War News: പറക്കൽ നിരോധിത മേഖല പ്രഖ്യാപിക്കുന്നതിനെതിരെ പുടിൻ; ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ

Ukraine Russia War News: കീവിലെ ജനവാസമേഖലയിൽ ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പൊലീസ് അറിയിച്ചു

Ukraine, Russia

Ukraine Russia War News: കീവ്: യുക്രൈന് മുകളിലൂടെ ഒരു മൂന്നാം കക്ഷി പറക്കൽ നിരോധിത മേഖല പ്രഖ്യാപിച്ചാൽ അത് “സായുധ പോരാട്ടത്തിലെ പങ്കാളിത്തം” ആയി പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ശനിയാഴ്ച വനിതാ പൈലറ്റുമാരുമായുള്ള ഒരു മീറ്റിംഗിലാണ് പുടിൻ ഇത് പറഞ്ഞത്. “ഈ ദിശയിലുള്ള ഏത് നീക്കവും” “ഞങ്ങളുടെ സേനാ അംഗങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന” ഇടപെടലായി റഷ്യ കാണുമെന്നും അദ്ദേഹം പറഞ്ഞു. “ആ നിമിഷം, ഞങ്ങൾ അവരെ സൈനിക സംഘട്ടനത്തിൽ പങ്കാളികളായി കാണും, അവർ ഏത് അംഗങ്ങളാണെന്നത് പ്രശ്നമല്ല,” റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

1.റഷ്യൻ സൈന്യം വെടിനിർത്തിൽ ലംഘിച്ചതായി യുക്രൈൻ

യുക്രൈനിലെ മരിയോപോളിൽ ഒഴിപ്പിക്കൽ നിർത്തിയതായി അധികൃതർ. പ്രദേശത്ത് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ റഷ്യൻ സൈന്യം പാലിക്കാത്തിനെത്തുടർന്നാണ് നടപടിയെന്നും യുക്രൈൻ അധികൃതർ വ്യക്തമാക്കി.

സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി യുക്രൈനിലെ രണ്ട് പ്രദേശങ്ങളിൽ റഷ്യൻ സൈന്യം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയോപോളിൽ നിന്നും കിഴക്കൻ പട്ടണമായ വോൾനോവാഖയിൽ നിന്നും മോസ്കോ സമയം രാവിലെ 10 മണി മുതൽ (8 am GMT.) ജനങ്ങളെ ഒഴിപ്പിക്കാൻ സമ്മതിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

നേരത്തെ, മരിയോപോൾ നിവാസികളെ ഒഴിപ്പിക്കുന്നതിനായി റഷ്യൻ പ്രതിരോധ മന്ത്രാലയം വെടിനിർത്തൽ പ്രഖ്യാപിച്ചതായി വാർത്താഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.

2.വിദേശികളെ ഒഴിപ്പിക്കാൻ ബസുകൾ തയ്യാറാക്കിയതായി റഷ്യ

ഹാർകീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് വിദേശികളെയും ഒഴിപ്പിക്കുന്നതിനായി ബസുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് റഷ്യ യുഎൻ രക്ഷാസമിതിയെ അറിയിച്ചു.

സുമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണെന്ന് ചെയ്യുകയാണെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി ശനിയാഴ്ച അറിയിച്ചു. ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനുള്ള എക്സിറ്റ് റൂട്ടുകൾ കണ്ടെത്താൻ റെഡ് ക്രോസ് ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി പറഞ്ഞു.

3.’ദയവായി ആകാശം അടയ്ക്കൂ’: ഉക്രേനിയൻ അഭയാർത്ഥികൾ അഭ്യർത്ഥിക്കുന്നു

ഒരു ദശലക്ഷത്തിലധികം അഭയാർത്ഥികളെ സൃഷ്ടിച്ച റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്ന് മധ്യ യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന ഉക്രേനിയക്കാർ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

പോളണ്ടിലെ ഏറ്റവും തിരക്കേറിയ മെഡിക ക്രോസിംഗിൽ, ഉക്രെയ്നുമായുള്ള ഏകദേശം 500 കിലോമീറ്റർ അതിർത്തിയിൽ, അഭയാർത്ഥികൾ റക്കൽ നിരോധിത മേഖലയ്ക്ക് ആഹ്വാനം ചെയ്തു. നാറ്റോ ശക്തികൾ ഇതുവരെ ഇത് വഷളാക്കാനുള്ള സാധ്യത നിരസിച്ചു.

‘ദയവായി ആകാശം അടയ്ക്കൂ,’ പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവിൽ നിന്ന് ഓടിപ്പോയ 18 കാരിയായ സോളോമിയ സിഡ്രിക്കോ പറഞ്ഞു. ‘നമുക്ക് നാറ്റോയിൽ ചേരുന്നത് സാധ്യമല്ലെന്ന് എനിക്കറിയാം, പക്ഷേ ആളുകൾ മരിക്കുന്നതിനാൽ ആകാശം അടയ്ക്കുക,’ അവർ പറഞ്ഞു.

‘ലോകം മുഴുവൻ ഞങ്ങളെ നിരീക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് വളരെ സന്തോഷകരമാണ്, പക്ഷേ ഇത് ശരിക്കും നിർത്തേണ്ടതുണ്ട്,’ അവർ പറഞ്ഞു.

4.യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി റഷ്യക്കാർ രാജ്യം വിട്ടതായി റിപ്പോർട്ട്

സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ഫിന്നിഷ് തലസ്ഥാനമായ ഹെൽസിങ്കിയിൽ യാത്രക്കാർ എത്തിച്ചേരുന്നു. റഷ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിലവിലെ ഏക റെയിൽ ലിങ്കാണ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ഹെൽസിങ്കിയിലേക്കുള്ളത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ, ധാരാളം റഷ്യക്കാർ രാജ്യം വിടാൻ നോക്കുന്നതായി റിപ്പോർട്ടുണ്ട്.

5.യുക്രൈനിൽ നിന്ന് 13,000-ത്തിലധികം ആളുകളെ തിരികെ കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയം

യുക്രൈനിൽ നിന്ന് “63 വിമാനങ്ങളിലായി 13,300-ലധികം ആളുകളെ തിരികെ കൊണ്ടുവന്നു,” എന്ന് വിദേശകാര്യ മന്ത്രാലയം.

“യുക്രൈൻ പ്രതിസന്ധിക്കിടയിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 13 വിമാനങ്ങൾ സർവീസ് നടത്തും. സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ പ്രധാന ശ്രദ്ധ. അവരുടെ ഒഴിപ്പിക്കലിനായി ഒന്നിലധികം ഓപ്ഷനുകൾ നോക്കുന്നു. സുമിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ തുടർച്ചയായ ഷെല്ലാക്രമണവും അക്രമവും ഗതാഗത സൗകര്യക്കുറവുമാണ്,” മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

6.റഷ്യൻ സേന യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിന് സമീപം; മുന്നറിയിപ്പുമായി യുഎസ്

റഷ്യൻ സേന യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിന് സമീപത്തേക്ക് അടുക്കുന്നതായി യുഎന്നിലെ അമേരിക്കൻ അംബാസഡർ. സേന നിലവിൽ ആണവ നിലയത്തിന് 32 കിലോമീറ്റർ മാത്രം അകലെയാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. യുക്രൈനിൽ തന്നെയുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയം വെള്ളിയാഴ്ച റഷ്യ പിടിച്ചെടുത്തുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് യുഎസ് അംബാസഡറുടെ പരാമർശം.

7.റഷ്യ വിടുന്നത് പരിഗണിക്കണമെന്ന് പൗരന്മാരോട് ബ്രിട്ടൻ

റഷ്യ വിടുന്നത് പരിഗണിക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഉക്രെയ്ൻ ആക്രമിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് ശേഷം റഷ്യ വിടുന്നത് പരിഗണിക്കണമെന്ന് ബ്രിട്ടൻ ശനിയാഴ്ച തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു.

“റഷ്യയിൽ നിങ്ങളുടെ സാന്നിധ്യം അനിവാര്യമല്ലെങ്കിൽ, അവശേഷിക്കുന്ന വാണിജ്യ പാതകളിലൂടെ പോകണമെന്ന് ഞങ്ങൾ ശക്തമായി ഉപദേശിക്കുന്നു,” ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ലഭ്യമായ വിമാനങ്ങളുടെ അഭാവവും സാമ്പത്തിക അസ്ഥിരതയും കാരണം റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും ബ്രിട്ടൻ പൗരന്മാരോട് ഉപദേശിച്ചു.

8.യുക്രൈനിൽ ബോംബാക്രണം നടത്താൻ നാറ്റോ പച്ചക്കൊടി കാട്ടി: സെലൻസ്കി

യുക്രൈനിന് മുകളിൽ നോ-ഫ്ലൈ സോൺ ഏർപ്പെടുത്താൻ വിസമ്മതിച്ചതിന് നാറ്റോയെ വിമർശിച്ച് യുക്രൈൻ പ്രസിഡൻറ് വോലോഡൈമർ സെലെൻസ്‌കി. ഇത് റഷ്യയെ ആകാശത്ത് കൂടിയുള്ള ആക്രമണം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആണവായുധങ്ങളുള്ള റഷ്യയുമായി വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയാണ് നാറ്റോ നോ-ഫ്ലൈ സോൺ ഏർപ്പെടുത്താൻ വിസമ്മതിച്ചത്.

“ഇന്ന് മുതൽ ഉണ്ടാകുന്ന ഓരോ മരണത്തിനും ഉത്തരവാദി നിങ്ങളായിരിക്കും, നിങ്ങളുടെ ബലഹീനതയും ഐക്യമില്ലായ്മയുമാകും കാരണം.” സെലൻസ്കി പറഞ്ഞു. “നോ ഫ്ലൈ സോൺ വിസമ്മതിച്ചുകൊണ്ട് യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാട്ടിയിരിക്കുന്നു.” പോരാട്ടം തുടരുമെന്നും രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യ വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിനും മറ്റ് ചില വെബ്‌സൈറ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി. സ്വതന്ത്ര മാധ്യമപ്രവത്തനത്തെ തകർക്കാൻ പോന്ന അധികാരം മോസ്‌കോയ്ക്ക് നൽകുന്ന ഒരു നിയമം പാസാക്കുകയും ചെയ്തു. ഇതേതുടർന്ന്, ബിബിസി, ബ്ലൂംബെർഗ്, തുടങ്ങിയുള്ള മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള സംപ്രേക്ഷണം നിർത്തി.

അതിനിടയിൽ, കീവിലെ ജനവാസമേഖലയിൽ ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പൊലീസ് അറിയിച്ചു. തലസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള മർഖലിവ്ക ഗ്രാമത്തിലാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Also Read: Ukraine Russia War Highlights: സംഘർഷം വർധിപ്പിക്കരുതെന്ന് അയൽ രാജ്യങ്ങളോട് പുടിൻ

9.ഞങ്ങൾ ജീവൻ പണയപ്പെടുത്തുന്നു; ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഓപ്പറേഷൻ ഗംഗ പരാജയപ്പെട്ടതായി കണക്കാക്കും: ഇന്ത്യൻ വിദ്യാർത്ഥികൾ

ഇന്ത്യൻ സർക്കാർ സുരക്ഷിതമായി കൊണ്ടുപോകുന്നത് വരെ കാത്തിരിക്കാൻ പറ്റാത്തതിനാൽ ഇനി ജീവൻ പണയപ്പെടുത്തി കാൽനടയായി റഷ്യൻ അതിർത്തിയിലേക്ക് പോകുമെന്ന് വടക്കുകിഴക്കൻ ഉക്രെയ്‌നിലെ സുമിയിലെ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ കുടുങ്ങിയ 800-ലധികം വിദ്യാർത്ഥികളലെ ഒരു വിഭാഗം പറഞ്ഞു.

“ഞങ്ങൾ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. ഇത് യുദ്ധത്തിന്റെ പത്താം ദിവസമാണ്. രണ്ട് നഗരങ്ങൾക്കായി മാനുഷിക ഇടനാഴികൾ തുറക്കുന്നതിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഇന്ന് ഞങ്ങൾക്ക് വാർത്ത ലഭിച്ചു. അതിലൊന്നാണ് സുമിയിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള മരിയുപോൾ. രാവിലെ മുതൽ ഞങ്ങൾ നിരന്തരം ബോംബിംഗ്, ഷെല്ലാക്രമണം, തെരുവ് വഴക്കുകൾ എന്നിവ കേൾക്കുന്നു. ഞങ്ങൾ ഭയപ്പെടുന്നു, ഞങ്ങൾ ഒരുപാട് കാത്തിരുന്നു, ഞങ്ങൾക്ക് ഇനി കാത്തിരിക്കാനാവില്ല. ഞങ്ങൾ ജീവൻ പണയപ്പെടുത്തി അതിർത്തിയിലേക്ക് നീങ്ങുകയാണ്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനും ഇന്ത്യൻ എംബസിക്കും ആയിരിക്കും. നമ്മിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, മിഷൻ ഗംഗ ഏറ്റവും വലിയ പരാജയമായിരിക്കും,” ഒരു വീഡിയോ സന്ദേശത്തിൽ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ഒരു പെൺകുട്ടി പറയുന്നു.

“ഇത് സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്നുള്ള അവസാന വീഡിയോയാണ്, ഞങ്ങൾ ഞങ്ങളുടെ ജീവൻ പണയപ്പെടുത്തുകയാണ്, ഞങ്ങൾ റഷ്യ തുറന്ന അതിർത്തിയിലേക്ക് പോകുന്നു. ഇതാണ് ഞങ്ങളുടെ അവസാന അഭ്യർത്ഥനയും അവസാന വീഡിയോയും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി. ഞങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിലാണ് നീങ്ങുന്നത്,” മറ്റൊരു വിദ്യാർത്ഥിനി വീഡിയോയിൽ പറഞ്ഞു.

“ഞങ്ങൾക്ക് ഇപ്പോൾ ഞങ്ങളുടെ സർക്കാർ ആവശ്യമാണ്,” മറ്റൊരു വിദ്യാർത്ഥി ആക്രോശിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ‘ഭാരത് മാതാ കീ ജയ്’ മുഴക്കി.

സുമിയിലെ കോളേജ് ഹോസ്റ്റലുകളിൽ കുടുങ്ങിക്കിടന്ന 800-ലധികം മെഡിക്കൽ വിദ്യാർത്ഥികൾ ശനിയാഴ്ച രാവിലെ ബോംബാക്രമണം കേട്ടണ് ഉണർന്നത്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ പ്രാഥമിക ആവശ്യങ്ങൾക്കായി ഐസ് ശേഖരിക്കാൻ ഇറങ്ങുമ്പോൾ ആക്രമണത്തിന് ഇരയാകുമെന്നതിനാൽ ഇവരുടെ ബന്ധുക്കൾ ആശങ്കയിലാണ്.

“ഇന്ന് രാവിലെ ഞാൻ എന്റെ സഹോദരിയെ വിളിച്ചു. ഉക്രെയ്നിൽ ബോംബാക്രമണം ആരംഭിക്കുമ്പോൾ രാവിലെ ആറ് മണിയായിരുന്നു. സ്ഫോടനങ്ങളുടെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. ഇപ്പോൾ 24 മണിക്കൂറിലേറെയായി ജലവിതരണം ഇല്ല, ബോംബാക്രമണം അവരെ കൂടുതൽ ഭയപ്പെടുത്തുന്നു. വിദ്യാർത്ഥികൾ ഐസ് ശേഖരിക്കാൻ ഇറങ്ങിപ്പോകാൻ നിർബന്ധിതരാകുന്നു. അവരെ ഉടൻ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുനൽകുന്നു, എന്നാൽ ഒഴിപ്പിക്കൽ എപ്പോൾ നടക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു,” സുമിയിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി മയൂരി അഹറിന്റെ സഹോദരി ഡോ. പ്രിയങ്ക അഹർ ശനിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

10.വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

യുദ്ധത്തിൽ തകർന്ന യുക്രൈനിലെ “നിർബന്ധിത സാഹചര്യം” കാരണം ഇന്റേൺഷിപ്പ് പൂർത്തിയാക്കാതെ ഇന്ത്യയിൽ മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഇന്റേൺഷിപ്പ് ചെയ്യാൻ കഴിയുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) വെള്ളിയാഴ്ച പറഞ്ഞു.

“കോവിഡ്-19, യുദ്ധം തുടങ്ങിയ നിർബന്ധിത സാഹചര്യങ്ങൾ കാരണം ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്ത ചില വിദേശ മെഡിക്കൽ ബിരുദധാരികളുണ്ട്. ഇന്ത്യയിലെ അവരുടെ ഇന്റേൺഷിപ്പിന്റെ ഒരു ഭാഗം യോഗ്യമായി കണക്കാക്കുന്നു. അതനുസരിച്ച്, ഇത് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് ക്രമീകരിക്കാം, ”2020 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ടതിന് ശേഷം ഇപ്പോൾ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന എൻഎംസിയുടെ സർക്കുലർ പറയുന്നു.

കഴിഞ്ഞ വർഷം നവംബറിൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങളിൽ മെഡിക്കൽ ബിരുദധാരികൾ അവരുടെ മുഴുവൻ വിദ്യാഭ്യാസവും പൂർത്തിയാക്കണമെന്നും കോഴ്‌സ് ആരംഭിച്ച അതേ സ്ഥാപനത്തിൽ നിന്ന് 12 മാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കണമെന്നും പറഞ്ഞിരുന്നു. യുക്രൈനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പല വിദ്യാർത്ഥികളും ഈ നിയമം കാരണം അനിശ്ചിതാവസ്ഥയിൽ എത്തിയിരിുന്നു. എന്നിരുന്നാലും, ഇതുവരെ കോഴ്‌സുകൾ പൂർത്തിയാക്കാത്തവരുടെ കാര്യത്തിൽ കമ്മീഷൻ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല.

ഇന്റേൺഷിപ്പിനെ സംബന്ധിച്ചിടത്തോളം, “ഭൗതികമായ” ബിരുദം പൂർത്തിയാക്കിയ ഏതൊരു വിദേശ മെഡിക്കൽ ബിരുദധാരിക്കും 12 മാസത്തേക്ക് അല്ലെങ്കിൽ അവരുടെ ഇന്റേൺഷിപ്പിൽ ശേഷിക്കുന്ന കാലയളവിലേക്ക് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കാമെന്ന് സർക്കുലർ പറയുന്നു. “എഫ്‌എംജികൾക്ക് (വിദേശ മെഡിക്കൽ ബിരുദധാരികൾ) ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള പരമാവധി ക്വാട്ട ഒരു മെഡിക്കൽ കോളേജിലെ മൊത്തം അനുവദനീയമായ സീറ്റുകളുടെ 7.5 ശതമാനം അധികമായി പരിമിതപ്പെടുത്തണം,” സർക്കുലർ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ukraine russia war vladimir putin volodymyr zelenskyy news updates