scorecardresearch
Latest News

Russia-Ukraine Crisis: നഗരങ്ങളിലേക്കുള്ള റഷ്യന്‍ മുന്നേറ്റം സ്തംഭിച്ചതായി യുക്രൈന്‍; ഖാര്‍കീവില്‍ കര്‍ഫ്യു

സൈന്യം പ്രാദേശിക ആശുപത്രി ആക്രമിച്ചതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും യുക്രൈൻ സൈന്യം ആരോപിച്ചു

Russia-Ukraine Crisis: നഗരങ്ങളിലേക്കുള്ള റഷ്യന്‍ മുന്നേറ്റം സ്തംഭിച്ചതായി യുക്രൈന്‍; ഖാര്‍കീവില്‍ കര്‍ഫ്യു
ഫൊട്ടോ: യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

Russia-Ukraine Crisis Live: കീവ്: റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ, കിന്റർഗാർട്ടനുകൾ, വീടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ നശിക്കുകയും ചെയ്തതായി യുക്രൈനിലെ എമർജൻസി സർവീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നഗരങ്ങളിലേക്കുള്ള റഷ്യയുടെ മുന്നേറ്റം സ്തംഭിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടു. ആക്രമണം രൂക്ഷമായി തുടരുന്ന ഖാര്‍കീവില്‍ കര്‍ഫ്യുവാണ്.

റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലെ ഖാര്‍കീവില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരോട് എത്രയും വേഗം നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പെസോച്ചിൻ, ബേബെ, ബെസ്ലിയുഡോവ്ക എന്നിവടങ്ങളിലേക്ക് അടിയന്തരമായി നിങ്ങാനാണ് എംബസി അറിയിച്ചിരിക്കുന്നത്. യുക്രൈന്‍ സമയം വൈകിട്ട് ആറ് മണിക്ക് മുന്‍പ് പ്രസ്തുത മേഖലകളില്‍ എത്തണമെന്നും എംബസിയുടെ ട്വീറ്റില്‍ പറയുന്നു.

ആറ് ദിവസത്തിനിടയിൽ ഏകദേശം 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. യുക്രൈനൈൽ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം പാരച്യൂട്ടിൽ ഇറങ്ങിയെന്ന വാർത്തയ്ക്കും തെക്കൻ നഗരമായ ഹെർസണിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന റഷ്യൻ സൈന്യത്തിന്റെ അവകാശവാദത്തിനും ഇടയിലാണ് ഇത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി “റഷ്യ, യുക്രൈൻ, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സുരക്ഷയും സൗകര്യവും ഒരുക്കുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും” കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. യുക്രൈനിലുള്ള 20,000 ഇന്ത്യക്കാരിൽ 30 ശതമാനം പേർ ഇതിനകം ഇന്ത്യയിലെത്തിക്കഴിഞ്ഞെന്നും, 30 ശതമാനം പേർ അയൽരാജ്യങ്ങളിലാണെന്നും സർക്കാർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഖാർകീവിലുണ്ടായ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റി മേയർ പറഞ്ഞു.

അതേസമയം, പുടിൻ നേരിട്ടത് കരുത്തിന്റെ കോട്ടയെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്ക യുക്രൈനോടൊപ്പമെന്ന് പറഞ്ഞ അദ്ദേഹം യുഎസ് വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ വിമാനങ്ങളെ വിലക്കുന്നതായും പ്രഖ്യാപിച്ചു.

യുക്രൈനിലെ ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ സെൻട്രൽ സ്ക്വയറിലും കീവിലെ പ്രധാന ടിവി ടവറിനു നേരെയും ബോംബാക്രമണം ഉണ്ടായി.

യുക്രൈനിലെ ഷൈറ്റോമൈർ നഗരത്തിലെ വീടുകൾക്ക് നേരെ ചൊവ്വാഴ്ചയുണ്ടായ റഷ്യൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകൻ ആന്റൺ ഗെരാഷ്ചെങ്കോ തന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

കീവ് നിവാസികൾക്ക് നഗരം വിടാൻ റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കീവിലെ പ്രധാന കെട്ടിടങ്ങൾക്ക് നേരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളോട് നഗരം വിടാൻ ആവശ്യപ്പെട്ടത്. കീവിലെ “സെക്യൂരിറ്റി സർവീസ് ഓഫ് ഉക്രെയ്‌നിനും (എസ്‌ബി‌യു) 72-ാമത് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് സൈക്കോളജിക്കൽ ഓപ്പറേഷൻസിനും (പി‌എസ്‌ഒ)” എതിരെ “ഉയർന്ന കൃത്യതയുള്ള ആക്രമണങ്ങൾ” നടത്താൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഇന്ത്യക്കാർ അടിയന്തരമായി കീവ് വിടണമെന്ന എംബസി പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ ഇന്ത്യക്കാരും കീവ് വിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഖാർകീവിലുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു വിദ്യാർത്ഥിക്ക് കൊല്ലപ്പെട്ടിരുന്നു.കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (20) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.

Also Read: ഖാർകീവിൽ ഷെല്ലാക്രമണം; കർണാടക സ്വദേശിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടു

Live Updates
22:56 (IST) 2 Mar 2022
മോദി പുടിനുമായി സംസാരിച്ചു

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്ന ഖാർകിവിലെ സാഹചര്യം വിലയിരുത്തി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

22:26 (IST) 2 Mar 2022
ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നു: ലോകാരോഗ്യ സംഘടന

ആശുപത്രികള്‍ക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കാൻ ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആരോഗ്യ സംരക്ഷണത്തിന് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് അദ്ദേഹം പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

22:07 (IST) 2 Mar 2022
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

യുക്രൈന്‍-റഷ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നു.

https://twitter.com/ANI/status/1499057901142691840

21:18 (IST) 2 Mar 2022
പ്രതിരോധിച്ച് യുക്രൈന്‍

റഷ്യൻ സൈനികരെ തടയാൻ യുക്രൈന്‍ സൈന്യം ഇർപിനിനെയും കൈവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം തകർത്തു.

https://twitter.com/KyivIndependent/status/1499012433943437314

20:28 (IST) 2 Mar 2022
യുക്രൈന്‍-റഷ്യ യുദ്ധത്തിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍

19:44 (IST) 2 Mar 2022
യുദ്ധത്തിനിടെ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം

യുക്രൈനില്‍ യുദ്ധത്തിനിടെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം സ്ഥിരീകരിച്ചു. വിന്നിറ്റ്‌സിയയിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പൈറോഗോവിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയും പഞ്ചാബ് സ്വദേശിയുമായ ചന്ദൻ ജിൻഡാലാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മസ്തിഷ്‌കാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

18:53 (IST) 2 Mar 2022
വിദ്യാർത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത (Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

18:51 (IST) 2 Mar 2022
റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ, കിന്റർഗാർട്ടനുകൾ, വീടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തതായി യുക്രൈനിലെ എമർജൻസി സർവീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

18:25 (IST) 2 Mar 2022
ഖാര്‍കീവില്‍ ആക്രമണം രൂക്ഷമാകുന്നു

കിഴക്കൻ യുക്രൈനിയന്‍ നഗരമായ ഖാർകിവിലെ സിറ്റി കൗൺസിൽ കെട്ടിടത്തിലേക്ക് റഷ്യൻ സൈന്യം ക്രൂയിസ് മിസൈൽ തൊടുത്തുവിട്ടതായി പ്രദേശത്തിന്റെ ഡെപ്യൂട്ടി ഗവർണർ റോമൻ സെമെനുഖ പറഞ്ഞു. റഷ്യയുടെ പ്രധാന ലക്ഷ്യമായ ഖാർകിവില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആക്രമണം ശക്തമാണ്. ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്.

18:00 (IST) 2 Mar 2022
കീവിലേക്ക് അടുത്ത് റഷ്യന്‍ സൈന്യം

കീവിലേക്ക് കൂടുതല്‍ റഷ്യം സൈന്യം എത്തുന്നതായി നഗര മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. തങ്ങള്‍ സജ്ജരാവുകയാണെന്നും പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17:38 (IST) 2 Mar 2022
ഇന്ത്യക്കാര്‍ അടിയന്തരമായി ഖാര്‍കീവ് വിടണം; നിര്‍ദേശവുമായി എംബസി

റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലെ ഖാര്‍കീവില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരോട് എത്രയും വേഗം നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പെസോച്ചിൻ, ബേബെ, ബെസ്ലിയുഡോവ്ക എന്നിവടങ്ങളിലേക്ക് അടിയന്തരമായി നിങ്ങാനാണ് എംബസി അറിയിച്ചിരിക്കുന്നത്. യുക്രൈന്‍ സമയം വൈകിട്ട് ആറ് മണിക്ക് മുന്‍പ് പ്രസ്തുത മേഖലകളില്‍ എത്തണമെന്നും എംബസിയുടെ ട്വീറ്റില്‍ പറയുന്നു.

https://twitter.com/IndiainUkraine/status/1498983242363551747

14:41 (IST) 2 Mar 2022
യുക്രൈനിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമായ പാത ഒരുക്കുന്നതിനായി ശ്രമിക്കുന്നു: റഷ്യ

ഖാർകീവ്, സുമി, തുടങ്ങി യുക്രൈനിലെ മറ്റ് സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് കടക്കാൻ 'മാനുഷിക ഇടനാഴി' ഒരുക്കാൻ 'തീവ്രമായി' പ്രവർത്തിക്കുകയാണെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു.

ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റഷ്യ ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം സുരക്ഷിതമായ പാത ഉണ്ടാക്കുമെന്നും നിയുക്ത റഷ്യൻ അംബാസഡറായ ഡെനിസ് അലിപോവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

13:50 (IST) 2 Mar 2022
യുക്രൈനിലെ ഹെർസൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സേന

യുക്രൈനിലെ ഹെർസൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. രാജ്യത്തിന്റെ തെക്ക് യുക്രൈൻ-ക്രിമിയ അതിർത്തിയിലാണ് ഹെർസൺ സ്ഥിതി ചെയ്യുന്നത്.

13:16 (IST) 2 Mar 2022
യുദ്ധത്തിൽ ഏകദേശം 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി സെലെൻസ്കി

യുദ്ധത്തിൽ ആറ് ദിവസത്തിനിടയിൽ ഏകദേശം 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു.

13:07 (IST) 2 Mar 2022
യുക്രൈനിൽ നിന്ന് ഇതുവരെ 6,000 ഇന്ത്യക്കാരെ തിരികെയെത്തിച്ചു: വി മുരളീധരൻ

യുക്രൈനിൽ കുടുങ്ങിയ 20,000 ഇന്ത്യക്കാരിൽ 6,000 പേരെ ഇതുവരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചെന്നും ബാക്കിയുള്ളവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബുധനാഴ്ച പറഞ്ഞു. .

12:46 (IST) 2 Mar 2022
ഖാർകീവിൽ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു: ഗവർണർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കിഴക്കൻ യുക്രൈൻ നഗരമായ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു.

ജനവാസകേന്ദ്രങ്ങളും റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടവും ഉൾപ്പെടെ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിന്റെ മധ്യഭാഗത്താണ് റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

12:34 (IST) 2 Mar 2022
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി: മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ദല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:14 (IST) 2 Mar 2022
യുക്രൈനിൽ നിന്നുള്ള അഭയാർത്ഥികൾക്കൊപ്പം കാൽനടയാത്രക്കാരനായി ഹോളിവുഡ് താരവും

യുക്രൈനിൽ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്കൊപ്പം കാൽനടയാത്രക്കാരനായി ഹോളിവുഡ് താരവും സംവിധായകനുമായ സീൻ പെൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനായി സീൻ പെൻ യുക്രൈനിന്റെ തലസ്ഥാനമായ കൈവിലെത്തിയത്.

11:16 (IST) 2 Mar 2022
യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 180 വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലേക്ക്

യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 180 വിദ്യാർത്ഥികൾ കേരള സർക്കാർ ഒരുക്കിയ എയർ ഇന്ത്യയുടെ പ്രത്യേക ചാറ്റേർഡ് വിമാനത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊച്ചിയിൽ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

10:20 (IST) 2 Mar 2022
ടെർനോപിലും ലെവിവിലുമുള്ള ഇന്ത്യക്കാർ ബുഡോമിയർസ് അതിർത്തി ചെക്ക് പോസ്റ്റിലേക്ക് മാറാൻ നിർദേശം

പോളണ്ടിലേക്ക് പെട്ടെന്ന് പ്രവേശനത്തിനായി പടിഞ്ഞാറൻ യുക്രൈനിലെ ഇന്ത്യക്കാരോട് ബുഡോമിയർസ് അതിർത്തി ചെക്ക് പോയിന്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദേശം എംബസി പുറത്തിറക്കി. ഷെഹിനി-മെഡിക അതിർത്തിയിലെ തിരക്ക് ഒഴിവാക്കുന്നതിനായാണ് ഇത്.

09:35 (IST) 2 Mar 2022
റഷ്യൻ സൈന്യം പാരച്യൂട്ടിൽ ഖാർകീവിൽ ഇറങ്ങിയതായി റിപ്പോർട്ട്

റഷ്യൻ സൈന്യം പാരച്യൂട്ടിൽ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ എത്തിയതായി യുക്രൈൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

09:32 (IST) 2 Mar 2022
ബെലാറസ് സൈന്യത്തെ അയയ്ക്കാൻ തയ്യാറെടുക്കുന്നതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം

റഷ്യൻ സഖ്യകക്ഷിയായ ബെലാറസ് യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

09:31 (IST) 2 Mar 2022
യുക്രൈനിൽ നിന്ന് ഏകദേശം 2,000 ഇന്ത്യക്കാർ പോളണ്ടിലെത്തി: ഇന്ത്യയിലെ പോളണ്ട് അംബാസഡർ

വിദേശകാര്യ മന്ത്രാലയം (എംഇഎ) ഒരു ‘പ്രശ്ന ബാധിത പ്രദേശ’മായി കണ്ടിരുന്ന പോളണ്ട് അതിർത്തിയിലൂടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കലിൽ നേരിയ പുരോഗതിയുള്ളതായി വിവരം. 2,000-ത്തോളം പേർ, പ്രധാനമായും വിദ്യാർത്ഥികൾ, ചൊവ്വാഴ്ച ഉച്ചയോടെ യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തി കടന്നു.

08:58 (IST) 2 Mar 2022
യുക്രൈനുള്ള സഹായവുമായി എയർ ഇന്ത്യ വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു

യുക്രൈനുള്ള സഹായവുമായി എയർ ഇന്ത്യ വിമാനം ബുധനാഴ്ച രാവിലെ റൊമാനിയയിലേക്ക് പുറപ്പെട്ടു

08:22 (IST) 2 Mar 2022
യുഎസ് സേന പോരാട്ടത്തിനില്ല, പക്ഷേ സഹായം നൽകും: ബൈഡൻ

യുക്രൈനെതിരായ പുടിന്റെ യുദ്ധം റഷ്യയെ ദുർബലമാക്കുമെന്നും ലോകത്തെ മറ്റ് രാജ്യങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പോരാട്ടത്തിന് യുഎസ് സേന ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ ബൈഡൻ, യുക്രൈന് മാനുഷിക, സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുമെന്ന് പറഞ്ഞു.

“ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഞങ്ങൾ യുക്രൈന് പിന്തുണ നൽകുന്നു, സൈനിക സഹായം, സാമ്പത്തിക സഹായം, മാനുഷിക സഹായം എന്നിവ നൽകും,” അദ്ദേഹം പറഞ്ഞു. “യുക്രൈൻ ജനത അവരുടെ രാജ്യത്തെ സംരക്ഷിക്കുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഞങ്ങൾ അവരെ സഹായിക്കുന്നത് തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

08:06 (IST) 2 Mar 2022
റഷ്യൻ വിമാനങ്ങൾക്ക് യുഎസ് വ്യോമാതിർത്തിയിൽ വിലക്ക്

യുക്രൈൻ അധിനിവേശത്തിന് പ്രതികാരമായി യുഎസ് വ്യോമാതിർത്തിയിൽ റഷ്യൻ വിമാനങ്ങളെ വിലക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.

കാനഡയുടെയും യൂറോപ്യൻ യൂണിയന്റെയും സമാനമായ നടപടികളെ തുടർന്നാണ് പ്രഖ്യാപനം, ചൊവ്വാഴ്ച വൈകുന്നേരം യുഎസ് പാര്ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്

08:00 (IST) 2 Mar 2022
റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ ദുരിതങ്ങൾക്ക് പുടിൻ മാത്രമാണ് ഉത്തരവാദി: ബൈഡൻ

റഷ്യയുടെ യുക്രൈനെ അധിനിവേശത്തെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെയും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. “പുടിൻ ഇപ്പോൾ ലോകത്തിൽ നിന്ന് എന്നത്തേക്കാളും ഒറ്റപ്പെട്ടിരിക്കുന്നു.” ബൈഡൻ പറഞ്ഞു.

“നിങ്ങളിൽ പലരെയും പോലെ, ഞാനും ഞങ്ങളുടെ യൂറോപ്യൻ സഖ്യകക്ഷികളെ ഒന്നിപ്പിക്കാൻ ഒരുപാട് സമയം ചെലവഴിച്ചു. പുടിൻ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും കൃത്യമായി എങ്ങനെ തന്റെ ആക്രമണത്തെ തെറ്റായി ന്യായീകരിക്കാൻ ശ്രമിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്ന കാര്യങ്ങളും ഞങ്ങൾ ലോകത്തോട് പങ്കുവച്ചു. റഷ്യയുടെ നുണകളെ ഞങ്ങൾ സത്യം ഉപയോഗിച്ച് നേരിട്ടു,” അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉപരോധത്തെത്തുടർന്നുള്ള റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ ദുരിതങ്ങൾക്ക് പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡൻ പറഞ്ഞു.

07:57 (IST) 2 Mar 2022
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നു

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നു

Web Title: Ukraine russia war putin zelenskyy kyiv invasion indian evacuation live updates