Ukraine Russia War News: കീവ്: ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ച ശേഷം കുറഞ്ഞത് 364 സിവിലിയന്മാരെങ്കിലും ഉക്രെയ്നിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചെന്ന് യുഎൻ. “കൂടാതെ 759 പേർക്ക് പരിക്കേറ്റു, എന്നിരുന്നാലും യഥാർത്ഥ സംഖ്യ “ഗണ്യമായി ഉയർന്നതാണ്”, ഒരു യുഎൻ നിരീക്ഷണ സംഘം ഞായറാഴ്ച പറഞ്ഞു.
1.ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കാമെന്ന് പുടിന്
ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തോട് പുടിന് ഉപമിക്കുകയും ചെയ്തു.
2.അധിനിവേശത്തിനെതിരെ തെരുവിലിറങ്ങാൻ റഷ്യൻ പൗരന്മാരോട് അഭ്യർത്ഥിച്ച് സെലെൻസ്കി
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി റഷ്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
“റഷ്യയിലെ പൗരന്മാരേ! നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് യുക്രൈനിലെ സമാധാനത്തിന് വേണ്ടിയുള്ള പോരാട്ടമല്ല! ഇത് നിങ്ങളുടെ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്,” ടെലിവിഷൻ പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു.
3.ഓപ്പറേഷൻ ഗംഗ: ഹംഗറിയിൽ നിന്നുള്ള വിമാന സർവീസുകളുടെ അവസാന ഘട്ടം ഇന്ന് ആരംഭിക്കുമെന്ന് എംബസി
ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള ഹംഗറിയിൽ നിന്നുള്ള വിമാന സർവീസുകളുടെ അവസാന ഘട്ടം ഇന്ന് ആരംഭിക്കുമെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
“ഇന്ത്യൻ എംബസി ഓപ്പറേഷൻ ഗംഗ വിമാനങ്ങളുടെ അവസാന ഘട്ടം ഇന്ന് ആരംഭിക്കുന്നു. അവരുടെ സ്വന്തം താമസസ്ഥലത്ത് താമസിക്കുന്ന എല്ലാ വിദ്യാർത്ഥികളും (എംബസി ക്രമീകരിച്ചത് ഒഴികെ) ഹംഗറി സിറ്റി സെന്റർ, റകോസ്സി യുടി 90, ബുഡാപെസ്റ്റ് (@Hungariacitycentre, Rakoczi Ut 90, Budapest) എന്ന വിലാസത്തിൽ രാവിലെ 10 മുതൽ 12 വരെയുള്ള സമയത്ത് എത്താൻ അഭ്യർത്ഥിക്കുന്നു, ”എംബസി ട്വീറ്റ് ചെയ്തു.
4.റഷ്യൻ ആക്രമണത്തിൽ വിമാനത്താവളം തകർന്നതായി യുക്രൈൻ
വിന്നിറ്റ്സിയയിലെ സിവിലിയൻ വിമാനത്താവളം റഷ്യൻ റോക്കറ്റുകൾ പൂർണ്ണമായും തകർത്തതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. ആക്രമണത്തിൽ തകർന്ന വിമാനത്താവളത്തിന്റെ പരിസരതത്തെ തീ അണയ്ക്കാൻ എമർജൻസി സർവീസുകൾ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
5.യുക്രൈനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് ഓൺലൈൻ ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ട് എംബസി
യുക്രൈനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരോടും അടിയന്തിരമായി ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാൻ ഇന്ത്യൻ എംബസി ഞായറാഴ്ച ആവശ്യപ്പെട്ടു.
“ഉക്രെയ്നിൽ ഇപ്പോഴും തുടരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും അറ്റാച്ചുചെയ്ത ഗൂഗിൾ ഫോമിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ അടിയന്തിമായി പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതരായിരിക്കുക, ശക്തരായിരിക്കുക,” എംബസി ട്വീറ്റ് ചെയ്തു.
പേര്, ഇ-മെയിൽ, ഫോൺ നമ്പർ, നിലവിൽ താമസിക്കുന്ന വിലാസം, പാസ്പോർട്ട് വിശദാംശങ്ങൾ, ലിംഗം, പ്രായം എന്നിവയാണ് ഗൂഗിൾ ഫോമിൽ ആവശ്യപ്പെടുന്ന വിശദാംശങ്ങൾ.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ നിലവിലെ സ്ഥാനം വ്യക്തമാക്കാനും ഗൂഗിൾ ഫോമിൽ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോമിൽ ലൊക്കേഷനുകളുടെ ഒരു ലിസ്റ്റും അതിൽ നിന്ന് ലൊക്കേഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.
ചെർകാസി, ചെർണിഹിവ്, ചെർനിവ്റ്റ്സി, ഡിനിപ്രോപെട്രോവ്സ്ക്, ഡൊനെറ്റ്സ്ക്, ഇവാനോ-ഫ്രാങ്കിവ്സ്ക്, ഖാർകിവ്, കെർസൺ, ഖ്മെൽനിറ്റ്സ്കി, കിറോവോഗ്രാഡ്, കൈവ്, ലുഹാൻസ്ക്, ലിവിവ്, മൈക്കോലൈവ്, ഒഡെസ എന്നിവയാണ് ഓൺലൈൻ ഫോമിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ .
പോൾട്ടാവ, റിവ്നെ, സുമി, ടെർനോപിൽ, വിന്നിത്സ, വോളിൻ, സകർപട്ടിയ, സപ്പോരോജ്ജ്യ, സൈറ്റോമിർ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.
6.റഷ്യന്‍ അധിനിവേശം: യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നു
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നതായി ഐക്യരാഷ്ട്രസഭ (യുഎന്‍) അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് കേവലം 10 ദിവസങ്ങള്‍ക്കുള്ളിലാണ് യുക്രൈനിന്റെ അതിര്‍ത്തി ഇത്രയധികം പേര് കടന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത്രയും വേദം പലായനം നടക്കുന്നത് ആദ്യമാണെന്നും യുഎന്‍ പറയുന്നു.
പോളണ്ടിലേക്കാണ് കൂടുതല്‍ പേര് പലായനം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. യുദ്ധമാരംഭിച്ചതിന് ശേഷം എട്ട് ലക്ഷം പേരാണ് പോളണ്ടിലേക്ക് എത്തിയത്. മാല്ഡോവയിലേക്ക് 30,000 കുട്ടികളടക്കം രണ്ടരലക്ഷം പേരാണ് പലായനം ചെയ്തത്. ഗ്രീസിലേക്കും പ്രതിധിനം പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
7.ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് യുക്രൈനിലെ വ്യോമതാവളം ആക്രമിച്ച് റഷ്യ
യുക്രൈനിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളം ആക്രമിച്ച് റഷ്യ. ദീര്‍ഘദൂരത്ത് നിന്ന് വളരെ കൃത്യതയോടെ പ്രയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. വ്യോമതാവളം പ്രവര്‍ത്തനരഹിതമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ സൈനിക സൗകര്യങ്ങളിലേക്കുള്ള ആക്രമണ റഷ്യ തുടരുകയാണ്.
8.ഷൈറ്റോമൈറിലെ ജനവാസമേഖലകളിൽ മിസൈൽ ആക്രമണം; യുക്രൈന്റെ രാഷ്ട്രപദവി അപകടത്തിലാണെന്ന് പുടിൻ
കീവിൽ നിന്ന് 140 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സോറ്റോമിർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ആളപായമുണ്ടായതായി യുക്രൈൻ എമർജൻസി സർവീസ് അറിയിച്ചു. ഓവ്റൂച്ച് നഗരത്തിൽ നടന്ന ആക്രമണത്തിൽ 15 വീടുകൾ തകർന്നതായി സ്റ്റേറ്റ് എമർജൻസി സർവീസ് പറഞ്ഞു.
അതേസമയം, യുക്രൈനിന്റെ രാഷ്ട്രീയ പദവി അപകടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകുകയും റഷ്യയ്ക്കെതിരായ ഉപരോധം യുദ്ധം പ്രഖ്യാപിക്കുന്നതിന് സമാനമാണ് പറയുകയും ചെയ്തു.
9.നാറ്റോയുടെ കൂടുതൽ സഹായം തേടി യുക്രൈൻ; തെക്കൻ മേഖലകളിൽ ശക്തി പ്രാപിച്ച് റഷ്യ
യുഎസ് സെനറ്റർമാരുമായുള്ള ചർച്ചയ്ക്കിടെയുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി കിഴക്കൻ യൂറോപ്പിനോട് റഷ്യൻ നിർമ്മിത വിമാനം യുക്രൈന് നൽകണമെന്ന് അഭ്യർത്ഥന നടത്തിയതായി റിപ്പോർട്ട്. നോ ഫ്ളൈ സോൺ ഏർപ്പെടുത്തണം, സഹായം വേണം, റഷ്യൻ എണ്ണ നിരോധനം, റഷ്യയിൽ വിസയും മാസ്റ്റർകാർഡും സസ്പെൻഡ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ശനിയാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ, “ഈ വിമാനങ്ങൾ വളരെ ആവശ്യമാണ്. അവയുടെ കൈമാറ്റം സുഗമമാക്കുന്നതിന് ഭരണകൂടത്തെ സഹായിക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്യും.” എന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ സൈന്യം തെക്ക് ശക്തി പ്രാപിക്കാൻ ശ്രമിക്കുകയാണ്, സുപ്രധാന തുറമുഖ നഗരമായ ഒഡെസയിലേക്ക് സേന അടുക്കയാണ്. ഇതിന്റെ ഫലമായി യുക്രൈൻ സേനയുംറഷ്യയും തമ്മിലുള്ള പോരാട്ടം ശക്തപ്പെട്ടിട്ടുണ്ട്. വടക്ക് നിന്ന് കീവിലേക്ക് വന്നിരുന്ന വിശാലമായ സായുധ വാഹനവ്യൂഹം വലിയ തോതിൽ സ്തംഭിച്ചതായി തോന്നുന്നു, തങ്ങളുടെ സൈന്യം തങ്ങൾക്ക് കഴിയുന്നിടത്ത് ആക്രമിക്കുകയാണെനാണ് യുക്രൈൻ സൈന്യം പറയുന്നത്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടും സംസാരിച്ചതായി യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻക്സി ട്വിറ്ററിലൂടെ അറിയിച്ചു. “സുരക്ഷ, യുക്രൈനുള്ള സാമ്പത്തിക സഹായം, റഷ്യക്കെതിരായ ഉപരോധം തുടരൽ തുടങ്ങിയ വിഷയങ്ങൾ അജണ്ടയിൽ ഉണ്ടായിരുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
റഷ്യൻ സൈന്യം യുക്രൈനിലെ രണ്ട് ആണവ നിലയങ്ങൾ പിടിച്ചെടുത്തെന്നും, മൂന്നമത്തേതിലേക്ക് നീങ്ങുകയാണെന്നും യുഎസ് സെനറ്റർമാരുമായുള്ള ചർച്ചയിൽ യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. റഷ്യൻ സേന വളയാൻ ശ്രമിക്കുന്ന മൈക്കോളൈവിൽ നിന്ന് 120 കിലോമീറ്റർ (75 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്ന യുഷ്നൂക്രെയ്ൻസ്ക് ആണവ നിലയമാണ് നിലവിൽ ഭീഷണി നേരിടുന്ന മൂന്നാമത്തെ പ്ലാന്റെന്ന് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
10. വെടിനിർത്തൽ കഴിഞ്ഞു; ആക്രമണം വ്യാപകമാക്കി റഷ്യൻ സേന
യുക്രൈനിലെ രണ്ട് നഗരങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ “ആക്രമണ നടപടികൾ” പുനരാരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ നിരവധി പട്ടണങ്ങൾ റഷ്യൻ സേന പിടിച്ചെടുക്കുകയും നാല് യുക്രൈനിയൻ എസ്യൂ-27 ജെറ്റുകൾ വെടിവച്ചിട്ടതായും മന്ത്രാലയം അറിയിച്ചതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ സേന 90 വിമാനങ്ങൾ നശിപ്പിച്ചതായി റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു.
സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി യുക്രൈനിലെ രണ്ട് പ്രദേശങ്ങളിൽ റഷ്യൻ സൈന്യം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയോപോളിൽ നിന്നും കിഴക്കൻ പട്ടണമായ വോൾനോവാഖയിൽ നിന്നും മോസ്കോ സമയം രാവിലെ 10 മണി മുതൽ (8 am GMT.) ജനങ്ങളെ ഒഴിപ്പിക്കാൻ സമ്മതിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വെടി നിർത്തൽ റഷ്യ ലംഘിച്ചതായി യുക്രൈൻ ആരോപിച്ചു. തുടർന്ന് ആക്രമണം പുനരാരംഭച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവന വരികയായിരുന്നു.
അതിനിടെ, യുക്രൈന് മുകളിലൂടെ ഒരു മൂന്നാം കക്ഷി പറക്കൽ നിരോധിത മേഖല പ്രഖ്യാപിച്ചാൽ അത് “സായുധ പോരാട്ടത്തിലെ പങ്കാളിത്തം” ആയി പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ശനിയാഴ്ച വനിതാ പൈലറ്റുമാരുമായുള്ള ഒരു മീറ്റിംഗിലാണ് പുടിൻ ഇത് പറഞ്ഞത്. “ഈ ദിശയിലുള്ള ഏത് നീക്കവും” “ഞങ്ങളുടെ സേനാ അംഗങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന” ഇടപെടലായി റഷ്യ കാണുമെന്നും അദ്ദേഹം പറഞ്ഞു. “ആ നിമിഷം, ഞങ്ങൾ അവരെ സൈനിക സംഘട്ടനത്തിൽ പങ്കാളികളായി കാണും, അവർ ഏത് അംഗങ്ങളാണെന്നത് പ്രശ്നമല്ല,” റഷ്യൻ പ്രസിഡന്റ് പറഞ്ഞു.