ലിവിവ്: ലിവിവിൽ അവർ ഇതിനെ പൗഡർ ടവർ എന്നാണ് വിളിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ വെടിമരുന്നും ആയുധങ്ങളും സൂക്ഷിക്കുന്നതിനായി നിർമ്മിച്ച ഈ കെട്ടിടം, പിന്നീട് ഒരു ആർകിടെക്ച്ചർ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. എന്നാൽ കൃത്യം ഒരു മാസം മുമ്പ്, റഷ്യ യുക്രൈനെ ആക്രമിച്ച ആദ്യ ദിവസം, പൗഡർ ടവർ വീണ്ടും യുദ്ധത്തിനായി വീണ്ടും സജ്ജമാക്കി. എന്നാൽ അത് സൈന്യമോ സർക്കാരോ അല്ല, മറിച്ച് അവിടുത്തെ ഒരു കൂട്ടം സന്നദ്ധപ്രവർത്തകരാണ് അതിന് നേതൃത്വം നൽകിയത്.
അതിനുശേഷം, നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള പൗഡർ ടവറിലേക്ക് നൂറോളം പേരാണ് എത്തിയത്. ഇവരെലാം ചേർന്ന് കെട്ടിടത്തെ യുദ്ധത്തെ നേരിടാൻ സജ്ജമാക്കുകയായിരുന്നു.
ഈ ദൃഢനിശ്ചയത്തെയാണ് ഒലെക്സാന്ദ്ര ബിലോകൂർ പ്രതീകവത്കരിക്കുന്നത്. “യുക്രൈൻ അവസാനം വരെ പോരാടണം, യുക്രൈൻ അതിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണം,” സന്നദ്ധപ്രവർത്തകരുടെ കോർഡിനേറ്ററായ ആ 23-കാരി പറഞ്ഞു.
“നമുക്ക് ശക്തമായ ലക്ഷ്യമുള്ളതിനാൽ യുക്രൈൻ യുദ്ധത്തിൽ വിജയിക്കും… രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല,ഇത് ഞങ്ങളുടെയാണ്. ഞങ്ങളുടെ വീടാണ്. നമ്മൾ അത് സംരക്ഷിക്കണം. അതിനായി നമ്മുടെ സൈനികർ ജീവൻ ത്യജിച്ചു. ഏത് തരത്തിലുള്ള വഴങ്ങലും വഞ്ചനയാണ്, ”അവർ പറഞ്ഞു.
ഒരു മാസം മുമ്പ് യുദ്ധം ആരംഭിച്ചപ്പോൾ, ആയുധങ്ങളുടെയും ശക്തിയുടെയും കാര്യത്തിൽ മുൻപതിയിലുള റഷ്യൻ സേനയ്ക്കെതിരെ യുക്രൈന് ശക്തമായ പ്രതിരോധം സ്ഥാപിക്കാനാകുമെന്ന് വളരെ കുറച്ചു പേർ പ്രതീക്ഷിച്ചിരുന്നു.
ലിവിവിൽ ഒരു പോരാട്ടത്തിന് ആവശ്യമായതിൽ അധികം ആളുകൾ നിലവിൽ ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
റഷ്യൻ ആക്രമണം വലിയ തോതിൽ ബാധിക്കാത്ത ഈ പ്രദേശത്ത് 30,000-ത്തിലധികം ആളുകൾ സായുധ സേനയിൽ ചേർന്നു, കൂടാതെ 20,000-ത്തിലധികം പേർ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്സിൽ ചേരാൻ സന്നദ്ധത അറിയിച്ചതായും ലിവ് ഒബ്ലാസ്റ്റ് മിലിട്ടറി അഡ്മിനിയുടെ തലവനായ മാക്സിം കോസിറ്റ്സ്കി പറഞ്ഞു.
വ്യാഴാഴ്ച വരെ യുക്രൈൻ സൈന്യം 15,800 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയിയെന്നും അവരുടെ 108 റഷ്യൻ ജെറ്റുകളും 124 ഹെലികോപ്റ്ററുകളും തകർത്തതായും 530 ടാങ്കുകളും 1,597 കവചിത യുദ്ധ വാഹനങ്ങളും നശിപ്പിച്ചതായും ഭരണകൂടം അവകാശപ്പെടുന്നു.
കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ എണ്ണം യുക്രൈൻ പുറത്തുവിട്ടിട്ടില്ല, എന്നാൽ ഓരോ 10 റഷ്യക്കാർക്കും ഒരു യുക്രൈൻ സൈനികൻ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.
“ഞങ്ങൾ അന്താരാഷ്ട്ര സഹായത്തിൽ വിശ്വസിക്കുന്നു, പക്ഷേ കൂടുതൽ വിശ്വാസം യുക്രൈൻ സൈന്യത്തിലാണ്. അവരാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. അവർ യുദ്ധം ചെയ്യുന്നത് നാറ്റോയിൽ വിശ്വസിക്കുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ രാജ്യത്തെ വിശ്വസിക്കുന്നതുകൊണ്ടാണ്. ഞങ്ങൾക്കായി ആരും ഇത് ചെയ്യില്ല, ”കോസിറ്റ്സ്കി പറയുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വരുന്നുണ്ടെന്നും “വേഗത്തിൽ വിജയം നേടാനുള്ള ആയുധങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും” സന്നദ്ധപ്രവർത്തകർ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
കിഴക്ക്ഹാർകീവിൽ നിന്നുള്ള സംഗീതജ്ഞൻ, 58 കാരനായ വ്ളാഡിമിർ വാൻഡേറസ് സേനയിൽ ചേരാനുള്ള ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്. റഷ്യൻ സേന താൻ ജനിച്ച നാട് തകർത്തപ്പോൾ കുടുംബത്തോടൊപ്പം ലിവിവിലേക്ക് പലായനം ചെയ്തതാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യജർമനിയിലേക്ക് പോയെങ്കിലും പട്ടാളനിയമം കാരണം പോകാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.
“തനിക്ക് സമാധാനം വേണമെന്നും യുക്രൈനെ ഇഷ്ടമാണെന്നും ഞങ്ങൾ സഹോദരങ്ങളാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറയാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഈ രാജ്യത്തേക്ക് യുദ്ധം കൊണ്ടുവന്നു, ”അദ്ദേഹം പറയുന്നു.
“ഇത് ഇപ്പോൾ ഒരു ജനാധിപത്യ രാജ്യമാണ്,ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആവശ്യപ്പെടാനും അവർക്ക് ഇഷ്ടമല്ലെങ്കിൽ പ്രസിഡന്റിനെ മാറ്റാനും കഴിയും, റഷ്യയിൽ, അവിടെ എല്ലാവരും പുടിനെ അനുസരിക്കണം,” അദ്ദേഹം പറയുന്നു.
Also Read: ലിവിവ്, യുക്രൈനിലെ ചെറിയ സ്വർഗം; പലായനം ചെയ്യുന്നവരുടെ പ്രധാന കേന്ദ്രം