scorecardresearch

Russia-Ukraine War News: യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമില്ലെന്ന് റഷ്യ

റഷ്യ വെടിനിർത്തൽ കരാർ ലംഘിച്ചതിനാൽ മരിയോപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Russia-Ukraine War News: യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമില്ലെന്ന് റഷ്യ

Russia-Ukraine War News: കീവ്: റഷ്യന്‍ അധിനിവേശം 14-ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറന്നു. എന്നാല്‍ പല പ്രദേശങ്ങളിലും മാനുഷിക ഇടനാഴികള്‍ സജീവമായിട്ടില്ല എന്നാണ് യുക്രൈന്‍ ഉന്നയിക്കുന്ന ആരോപണം.

അതേസമയം, യുക്രൈനിന് നിഷ്പക്ഷ പദവി ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ. ചര്‍ച്ചകളിലൂടെ നടപടികള്‍ സാധ്യമാക്കാനാണ് താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും അടുത്ത ഘട്ട ചര്‍ച്ചകളില്‍ സുപ്രധാന പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും മരിയ വ്യക്തമാക്കി.

കിഴക്കൻ യുക്രൈൻ പട്ടണമായ സെവെറോഡൊൻസെക്കിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. യുക്രൈനു കൂടുതല്‍ അത്യാധുനിക സൈനിക സാമഗ്രികള്‍ അയയ്ക്കുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറയിച്ചു.

1.യുക്രൈനു കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ നല്‍കുമെന്ന് കാനഡ

യുക്രൈനു കൂടുതല്‍ അത്യാധുനിക സൈനിക സാമഗ്രികള്‍ അയയ്ക്കുമെന്ന് കാനഡ. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയോട് പറഞ്ഞതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറയിച്ചു. കാനഡ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതായും ട്രൂഡോ ട്വീറ്റില്‍ പറഞ്ഞു.

അതിനിടെ, യെുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരെ പുതിയ ഉപരോധ പാക്കേജിന് യൂറോപ്യന്‍ യൂണിയന്‍ സമ്മതം നല്‍കി. മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരെയും പ്രഭുക്കന്മാരെയും ലക്ഷ്യമിട്ടുള്ള പുതിയ വട്ട ഉപരോധം ഇയു അംഗീകരിച്ചതായി ഫ്രാന്‍സ് അറിയിച്ചു.

സമുദ്രമേഖലയിലെ നിയന്ത്രണങ്ങളും പുതിയ ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മൂന്ന് ബെലാറഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് ബാങ്കിങ് സംവിധാനത്തില്‍നിന്ന് ഒഴിവാക്കുമെന്നും യൂറോപ്യന്‍ കൗണ്‍സിലിന്റെ റൊട്ടേറ്റിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഫ്രാന്‍സ് തുടര്‍ച്ചയായ ട്വീറ്റുകളില്‍ പറഞ്ഞു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഫ്രാന്‍സിലെ വെര്‍സൈല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്ലോക്കിലെ 27 അംഗരാജ്യങ്ങളുടെ നേതാക്കള്‍ അധിക ഉപരോധങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കും.

2. മാനുഷിക ഇടനാഴികള്‍ സജീവമല്ലെന്ന് ആരോപണം

ആക്രമണം രൂക്ഷമായ നഗരണങ്ങളില്‍ നിന്ന് സാധാരണക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മരുന്നോ ശുദ്ധജലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് രക്ഷപെടാനുള്ള വഴികള്‍ ലഭ്യമാകുന്നില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

പോൾട്ടാവയിലേക്ക് മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാര്‍ കാറുകളില്‍ രക്ഷപെടുന്നുണ്ടെന്ന് കിഴക്കൻ നഗരമായ സുമിയുടെ ഗവർണർ പറഞ്ഞു. എന്നാല്‍ ഉച്ചയോടെ യുക്രൈനില്‍ മറ്റ് മാനുഷിക ഇടനാഴികള്‍ സജീവമായതായി സ്ഥിരീകരണമില്ല. പ്രത്യേകിച്ചും മരിയുപോളിന്റെ പുറത്തേക്ക് എത്താനുള്ള വഴികള്‍, ഗവര്‍ണര്‍ പറഞ്ഞു.

3. നോ ഫ്ലൈ സോണ്‍ ആവശ്യവുമായി യുക്രൈന്‍

തന്റെ രാജ്യത്തെ സംരക്ഷിക്കാന്‍ നൊ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സാധരണക്കാര്‍ മരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദികളായിരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യയുടെ ആക്രമണം ശക്തമാവുകയാണെന്നും എന്നാല്‍ യുക്രൈന്‍ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ മിസൈലുകളും, ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച് ആക്രമിക്കുകയാണ്. സാധരണക്കാര്‍ക്കെതിരെയും, നഗരങ്ങള്‍ക്ക് നേരെയും, കെട്ടിടങ്ങള്‍ക്കെതിരെയുമാണ് ആക്രമണം. ലോകം ഇതിനെതിരെ പ്രതികരിക്കേണ്ടത് മാനുഷികമായ ഉത്തരവാദിത്വമാണ്, സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

4. പുതിയ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം

യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതായി ഫ്രാന്‍സ് അറിയിച്ചു.

പുതിയ ഉപരോധങ്ങളിൽ സമുദ്രമേഖലയിലെ നിയന്ത്രണങ്ങളും ഉൾപ്പെടുന്നു, കൂടാതെ മൂന്ന് ബെലാറഷ്യൻ ബാങ്കുകളെ സ്വിഫ്റ്റ് ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും ഫ്രാൻസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്രാൻസിലെ വെർസൈൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 അംഗരാജ്യങ്ങളുടെ നേതാക്കൾ അധിക ഉപരോധങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 5. റഷ്യൻ ആക്രമണത്തിൽ സെവെറോഡൊൻസെക്കിൽ 10 മരണം

കിഴക്കൻ യുക്രൈൻ പട്ടണമായ സെവെറോഡൊൻസെക്കിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

അതേസമയം, മരിയോപോൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് യുക്രൈൻ അധികൃതർ ജനങ്ങളെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. ആറ് മനുഷ്യത്വ ഇടനാഴികൾ വഴിയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്.

6. യുക്രൈനിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ നടപടികളുമായി യുഎന്‍

റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് ഭീഷണി നേരിടുന്ന യുക്രൈനില്‍ സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക ഏജന്‍സി (യുനെസ്കൊ) അറിയിച്ചു.

സാംസ്കാരിക പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള സംരക്ഷിത പദവി നല്‍കി തിരിച്ചുപിടിക്കുക എന്നതാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുനെസ്കൊ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു.

7. പോളണ്ടിന്റെ വാഗ്ദാനം നിരസിച്ച് അമേരിക്ക; മരിയോപോളിൽ വെടിനിർത്തൽ ലംഘിച്ച് റഷ്യ

റഷ്യൻ നിർമിത മിഗ്-29 യുദ്ധവിമാനങ്ങൾ ജർമനിയിലെ യുഎസ് താവളത്തിലേക്ക് മാറ്റാനുള്ള നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ അപ്രതീക്ഷിത വാഗ്ദാനം ചൊവ്വാഴ്ച അമേരിക്ക നിരസിച്ചു.

യുക്രെയ്നിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കാൻ അമേരിക്ക ശ്രമിച്ചു. പക്ഷേ നാറ്റോ മേഖലയിൽ നിന്ന് യുദ്ധവിമാനങ്ങൾ യുദ്ധമേഖലയിലേക്ക് പോകുന്നത് “മുഴുവൻ നാറ്റോ സഖ്യകക്ഷികളിലും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്,” പെന്റഗൺ പറഞ്ഞു.

റഷ്യയുമായി നേരിട്ടുള്ള സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ പറഞ്ഞു, യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. പോളണ്ടുമായും മറ്റ് നാറ്റോ സഖ്യകക്ഷികളുമായും ചർച്ചകൾ തുടരുമെന്നും എന്നാൽ പോളണ്ടിന്റെ നിർദ്ദേശം ന്യായമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പെന്റഗൺ പറഞ്ഞു.

അതേസമയം, റഷ്യ വെടിനിർത്തൽ കരാർ ലംഘിച്ചതിനാൽ മരിയോപോളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായും യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

8. യുക്രൈന്റെ ലക്ഷ്യം 10 ദിവസം പിടിച്ചു നിൽക്കൽ: മുതിർന്ന ഉദ്യോഗസ്ഥൻ

അടുത്ത ഏഴ് മുതൽ 10 ദിവസത്തേക്ക് റഷ്യയ്ക്കു മുന്നിൽ പിടിച്ചുനിൽക്കുകയെന്നതാണ് യുക്രൈന്റെ ലക്ഷ്യമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ. മോസ്‌കോ ഏതെങ്കിലും തരത്തിലുള്ള വിജയം അവകാശപ്പെടുന്നത് തടയാനുള്ള വഴിയാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

മരിയോപോൾ, കീവ് നഗരങ്ങളെ ലക്ഷ്യം വച്ച് റഷ്യ ഏതെങ്കിലും തരത്തിലുള്ള വിജയം ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.

അതേസമയം, ഷെല്ലാക്രമണ സാധ്യതയുള്ള കീവിൽ എയർ അലർട്ട് പ്രഖ്യാപിച്ചു. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

9. മക്‌ഡൊണാൾഡ്, സ്റ്റാർബക്സ് തുടങ്ങിയ ആഗോള ബ്രാൻഡുകൾ റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തി

മക്‌ഡൊണാൾഡ്, സ്റ്റാർബക്സ്, കൊക്കകോള എന്നിവയുൾപ്പെടെ കൂടുതൽ ആഗോള ബ്രാൻഡുകൾ റഷ്യയിലെ വിൽപ്പന നിർത്തി. യുക്രൈനെതിരെയുള്ള റഷ്യയുടെ ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. റഷ്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുന്നതായി ബ്രാൻഡുകൾ പ്രഖ്യാപിച്ചു.

പ്രവർത്തനങ്ങൾ നിർത്തുന്നത് മക്‌ഡൊണാൾഡ്സിന് വലിയ സാമ്പത്തിക പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. റഷ്യയിലെ കെഎഫ്‌സി, പിസ ഹട്ട് എന്നിവ ഫ്രാഞ്ചൈസികൾക്ക് കീഴിൽ പ്രവർത്തിക്കുമ്പോൾ, റഷ്യയിലെ 84 ശതമാനം സ്റ്റോറുകളും മക്‌ഡൊണാൾഡ്സ് നേരിട്ടാണ് നടത്തുന്നത്. അതിനിടെ യുക്രൈനിലെ 108 ഓളം റസ്റ്ററന്റുകളും മക്‌ഡൊണാൾഡ്സ് താൽകാലികമായി അടക്കുകയും തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ചെയ്യുന്നുണ്ട്.

10. റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് സെലൻസ്കി

തന്റെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് റഷ്യയെ ഒരു “ഭീകര രാജ്യമായി” അംഗീകരിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ബ്രിട്ടീഷ് എംപിമാരോട് ആഹ്വാനം ചെയ്തു. “നമ്മുടെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ” കർശനമായ ഉപരോധങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെ യുകെ പാർലമെന്റിൽ സംസാരിച്ച സെലൻസ്കിക്ക് പാർലമെന്റ് അംഗങ്ങളിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. “ഞങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തിനായി നിങ്ങളുടെ സഹായം തേടുകയാണ്. നിങ്ങളുടെ സഹായങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്, ബോറിസ്, ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ട് സെലൻസ്‌കി പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചു. ഉക്രെയ്നിലെ അധിനിവേശത്തിനെതിരായ പ്രതികാര നടപടിയെന്ന നിലയ്ക്കാണ് തീരുമാനം. ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കടുപ്പത്തിലാക്കിയതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.

Also Read: ആശ്വാസ തീരമണയുന്നു; യുക്രൈനിൽ നിന്നുള്ള അവസാന ഇന്ത്യൻ സംഘം നാട്ടിലേക്ക്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ukraine russia war biden kyiv putin zelenskyy news updates