scorecardresearch

റഷ്യക്കെതിരെ യുക്രൈന്‍ യുഎന്‍ പരമോന്നത കോടതിയില്‍; വംശഹത്യ കേസ് ഫയല്‍ ചെയ്തു

സൈനിക നടപടി ഉടൻ നിര്‍ത്തിവയ്ക്കാന്‍ റഷ്യയോട് ഉത്തരവിടണമെന്നു ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ കോടതി ഉടന്‍ വാദം കേള്‍ക്കും

Ukraine, Russia, War, Genocide

ഹേഗ്: വംശഹത്യ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് റഷ്യക്കെതിരെ യുഎന്‍ പരമോന്നത കോടതിയില്‍ യുക്രൈന്‍ കേസ് ഫയല്‍ ചെയ്തു. അധിനിവേശം തടയാന്‍ കോടതി ഇടപെടണമെന്നും നഷ്ടപരിഹാരം നല്‍കാന്‍ റഷ്യയോട് ഉത്തരവിടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 24 ന് ആരംഭിച്ച ‘സൈനിക നടപടി ഉടനടി നിര്‍ത്തിവയ്ക്കാന്‍ റഷ്യയോട് ഉത്തരവിടണമെന്നു ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഹർജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ കോടതി ഉടന്‍ വാദം കേള്‍ക്കും.

കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകളിലെ വംശഹത്യയുടെ തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് റഷ്യ അധിനിവേശം ആരംഭിച്ചതെന്നും ഇപ്പോള്‍ യുക്രൈനില്‍ വംശഹത്യ ആസൂത്രണം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

”കിഴക്കന്‍ പ്രദേശങ്ങളില്‍ വംശഹത്യ നടന്നുവെന്നത് യുക്രൈന്‍ ശക്തമായി നിഷേധിക്കുന്നു. കൂടാതെ, സൂചിപ്പിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശിക്കപ്പെട്ട വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമായി യുക്രൈനെതിരെ നടപടിയെടുക്കാന്‍ റഷ്യയ്ക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്നും ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു,” കോടതി പ്രസ്താവനയില്‍ അറിയിച്ചു.

ഹേഗ് തന്നെ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് വ്യത്യസ്തമായി, യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തികളെ ഉത്തരവാദികളാക്കുന്ന കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഈ കോടതി കേള്‍ക്കുന്നു.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഉറ്റുനോക്കുകയാണ് ലോകം. പ്രിപ്യാറ്റ് നദിക്കു സമീപമുള്ള ബെലാറഷ്യൻ-യുക്രൈന്‍ അതിർത്തിയില്‍ വച്ചാണ് നിര്‍ണായക യോഗം നടക്കുന്നത്. പ്രതിനിധിയെ അയയ്ക്കാന്‍ ഒരുക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി ഇന്നലെ അറിയിച്ചിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 കുട്ടികളടക്കം 1,684 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ യുക്രൈന്‍ സൈന്യത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ukraine files genocide case against russia at uns top court