ലണ്ടൻ: യുഎസിനു പിറകേ ബ്രിട്ടനും യാത്രക്കാർ വിമാനത്തിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്‌ക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. പശ്ചിമേഷ്യയിലെ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്കാണ് യുകെ നിയന്ത്രണം ഏർപ്പെടുത്തുന്നത്. സുരക്ഷാ കാരണങ്ങൾ കാണിച്ചാണ് വിമാന യാത്രക്കാരുടെ ലാപ്‌ടോപ് പോലുളള ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വിമാനത്തിൽ മൊബൈൽ ഫോണല്ലാതെ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് എട്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർക്ക് കഴിഞ്ഞ ദിവസമാണ് യുഎസ് വിലക്കേർപ്പെടുത്തിയത്. ടാബ്‌ലെറ്റ്, ലാപ്‌ടോപ്, ഐപാട്, ക്യാമറ തുടങ്ങി ഒരു ഇലക്‌ട്രോണിക് ഉപകരണങ്ങളും യുഎസിലേക്കുളള വിമാനത്തിൽ യാത്രക്കാർക്ക് കൈവശം വയ്‌ക്കാൻ കഴിയില്ല. എന്നാൽ യുകെ ഏർപ്പെടുത്തുന്ന നിയന്ത്രണം ഇതേ മാതൃകയിൽ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല.

ഗൾഫിൽനിന്നും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങളിലാണ് ഇപ്പോൾ നിയന്ത്രണമെങ്കിലും ഇന്ത്യൻ യാത്രികർ ഗൾഫിലൂടെയും മറ്റും നടത്തുന്ന യാത്രകൾക്കും നിയന്ത്രണം ബാധിക്കാനിടയുണ്ട്. ജോർദാൻ, ഈജിപ്റ്റ്, ടുണീഷ്യ, ടർക്കി, ലെബനോൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നു യാത്ര ചെയ്യുന്നവർക്കാണ് ബ്രിട്ടന്റെ വിലക്ക്.

16 സെന്റീമീറ്ററിൽ താഴെ നീളവും 9.3 സെന്റീമീറ്ററിൽ താഴെ വീതിയും 1.5 സെന്റീമിറ്ററിൽ താഴെ കനവുമുള്ള സ്‌മാർട്‌ഫോണും ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് യാത്രയിൽ കരുതാൻ അനുമതിയുളളത്. ടാബ്‌ലറ്റുകൾ, ലാപ്ടോപ്, ഡിവിഡി പ്ലെയറുകൾ, ഇലക്ട്രോണിക് ഗെയിമുകൾ, വലിയ ഫോണുകൾ, കിൻഡിലുകൾ എന്നിവയ്‌ക്കാണ് ബ്രിട്ടൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 7 പ്ലസ്, സാംസങ്ങ് ഗാലക്‌സി എസ് 7 എന്നിങ്ങനെ വലിയ മോഡലുകളെ നിയന്ത്രണം ബാധിക്കില്ല.

അൽ ഖായിദ ഭീകരർ സ്ഫോടകവസ്തുക്കൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്ഥാപിച്ച് ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് വിമാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ബ്രിട്ടനിലേക്കുള്ള ബാഗേജുകളിലെ നിയന്ത്രണം ബ്രിട്ടിഷ് എയർവ‌െയ്‌സ് അടക്കം 14 വിമാനങ്ങളെ ബാധിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങൾ മറ്റ് ബാഗേജിൽ കയറ്റി വിടുന്നതിന് നിയന്ത്രണമില്ല.

ക്യാബിൻ ബാഗേജിൽ നിരോധിച്ച വസ്‌തുക്കൾ:

സ്‌മാർട്‌ഫോണിനെക്കാൾ വലിപ്പമുളള എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ക്യാമറ, ഐപാഡ്/ടാബ്‌ലെറ്റ്, ലാപ്‌ടോപ്, കിൻഡൽ/ഇ-റീഡർ, ഇലക്‌ട്രോണിക് ഗെയിം, പോർട്ടബിൾ ഡിവിഡി പ്ലയർ, സ്‌കാനർ, ട്രാവൽ പ്രന്റർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook