ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. തുടർച്ചായ വിവാദങ്ങളെ തുടർന്ന് മന്ത്രിമാർ രാജിവച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു രാജി പ്രഖ്യാപനം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കൺസർവേറ്റീവ് പാർട്ടിയിലെ മന്ത്രിമാരുടെയും പ്രവർത്തകരുടെയും ആഹ്വാനത്തിന് വഴങ്ങി താൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു.
ഉന്നത മന്ത്രിമാരടക്കം രാജിവച്ചിട്ടും ജോൺസൺ അധികാരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ധനമന്ത്രിയായി അധികാരമേറ്റ നദീം സഹവി ബോറിസ് ജോൺസണോട് രാജിവയ്ക്കാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറി ബെൻ വാലസും ജോൺസണോട് രാജിവയ്ക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാജി.
പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച ജോൺസൺ, രാഷ്ട്രീയത്തിൽ ആരും ഒഴിച്ചുകൂടാനാവാത്തവരല്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. പുതിയ പ്രധാനമന്ത്രിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബോറിസ് ജോൺസന്റെ പകരക്കാരൻ ആരാകുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ്, മുൻ വിദേശകാര്യ സെക്രട്ടറി ജെറെമി ഹണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, രാജിവച്ച ധനമന്ത്രി റിഷി സുനാക്, ആദ്യം രാജിവച്ച സാജിദ് ജാവീദ്, പുതിയ ധനമന്ത്രി നദീം സഹവി, മുൻ പ്രതിരോധ സെക്രട്ടറി പെന്നി മോർഡൗണ്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ മാസം ബോറിസ് ജോൺസൺ വിശ്വാസവോട്ടടുപ്പ് നേരിടേണ്ടി വന്നിരുന്നു. അതിൽ വിജയിച്ചാണ് ബോറിസ് പ്രധാനമന്ത്രിയായി വീണ്ടും തുടർന്നത്. അന്ന്അദ്ദേഹത്തിന്റെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി എംപിമാരിൽ 211 പേർ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 പേർ എതിർത്തു. വോട്ടെടുപ്പ് ഫലം അനുസരിച്ച് എംപിമാരിൽ 59 ശതമാനം പേരുടെ പിന്തുണയാണ് ബോറിസ് ജോൺസണ് ലഭിച്ചത്.
2019ൽ വലിയ വിജയത്തോടെ അധികാരത്തിൽ എത്തിയ ബോറിസ് ജോൺസണ് തിരിച്ചടിയായത് ലോക്ക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയെന്ന ‘പാർട്ടിഗേറ്റ്’ വിവാദമാണ്. ഇതിനു പിന്നാലെയാണ് ബോറിസിനെതിരായ നീക്കങ്ങൾ ആരംഭിച്ചത്.
നിരവധി എംപിമാരാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. അധികാരത്തിൽ തുടരുന്നതിലൂടെ വോട്ടർമാരെയും പാർട്ടിയെയും പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് മുൻ സഖ്യകക്ഷി അന്ന് ആരോപിച്ചിരുന്നു.
സാമ്പത്തിക മാന്ദ്യം, ഇന്ധന-ഭക്ഷ്യ വിലക്കയറ്റം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ബ്രിട്ടന്റെ ഭരണം ബോറിസ് ജോൺസണ് നഷ്ടമാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതിയിരുന്നു. എന്നാൽ കാബിനറ്റിലെ പ്രമുഖ മന്ത്രിമാർ ബോറിസ് ജോൺസണ് പിന്തുണ നൽകുകയും. അതിവേഗത്തിലുള്ള കോവിഡ് വാക്സിനേഷനും റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ബ്രിട്ടന്റെ പ്രതികരണവും എടുത്ത് കാണിക്കുകയും ചെയ്തിരുന്നു.