ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യ സന്ദർശനം ഒഴിവാക്കി. ബ്രിട്ടണിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുമായി ബോറിസ് ജോൺസൺ ബ്രിട്ടണിൽ തുടരാൻ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, വകഭേദം സംഭവിച്ച അതിതീവ്ര കോവിഡ് വ്യാപനം ബ്രിട്ടണിൽ ഭീഷണി ഉയർത്തിയിരിക്കുകയാണ്.

നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചു. അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടണിൽ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടണിൽ തുടരേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അടുത്ത വ്യത്തങ്ങൾ അറിയിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബോറിസ് ജോൺസൺ ഇന്ത്യൻ സന്ദർശനം ഒഴിവാക്കിയത്.

അതേസമയം, ബ്രിട്ടണിൽ ഇന്ന് രാത്രിയോടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവിൽ വരും. നിലവിൽ ഫെബ്രുവരി പകുതിവരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സാഹചര്യം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും. കോളേജുകളും സ്‌കൂളുകളും അടച്ചിടും. വരുന്ന ആഴ്‌ചകൾ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗികളുടെ എണ്ണം പെട്ടെന്ന്‌ ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook