ലണ്ടൻ: ബ്രീട്ടീഷ് പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ ഒരു ധീരനായ പോരാളിയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഐഎസ് ഭീകരരുടെ അവകാശവാദം. ഐഎസിന്രെ ഔദ്യോഗിക വാർത്താ ഏജൻസിയായ അമാക് ന്യൂസ് ഏജൻസിയാണ് അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണോ ഇതിന് പിന്നിലെന്ന് ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടത്തിയത് ബ്രീട്ടീഷ് പൗരൻ തന്നെയാണെന്നും, എന്നാൽ ഇയാൾക്ക് ഐഎസ് ബന്ധമുണ്ടോ അന്ന് അന്വേഷിച്ച് വരികയാണെന്നും, സംഭവത്തിൽ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ ആക്രമണകാരിയെ സ്കോട്ട്‌ലൻഡ് യാർഡ് തിരിച്ചറിഞ്ഞു. 52 വയസ്സുകാരനായ ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത് എന്ന് അന്വേഷണ ഉദ്യാഗസ്ഥർ പറഞ്ഞു.
തീവ്രവാദത്തിന് മുന്നിൽ മുട്ടുകുത്തില്ലെന്നും വെറുപ്പിന്റേയും തിന്മയുടേയും ശക്തികളെ തങ്ങൾ തകർക്കുമെന്നും തെരേസ മേയ് പറഞ്ഞു. ബ്രീട്ടീഷ് ജനത ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ആർക്കും തങ്ങളെ തകർക്കാനാകില്ലെന്നും തെരേസ മേയ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ആക്രമണത്തിൽ 5 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിടിച്ച് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടര്‍ന്ന് കത്തിയുമായി കാറില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ചു. ഇയാളെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ കുത്തികൊലപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ സായുധ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.