യു കെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പ്രധാനമന്ത്രിയായതിനു പിന്നാലെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.
ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ് അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണു ലിസ് ട്രസ്. 1827 ൽ മരിച്ച ജോർജ് കാനിങ്ങാണ് ഇതിനു മുൻപ് കുറഞ്ഞകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി. അദ്ദേഹം 119 ദിവസമാണു പ്രധാനമന്ത്രി പദം വഹിച്ചത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ലിസ്ട്രസ് രാജിവച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് ട്രസ് രാജിവച്ചിട്ടുണ്ട്.
തന്റെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് ഓഫീസിന്റെ വാതിലിനു പുറത്ത് സംസാരിച്ച ലിസ് ട്രസ്, കൺസർവേറ്റീവ് പാർട്ടി നേതാവായി മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്നും സമ്മതിച്ചു, തന്റെ പാർട്ടിയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പറഞ്ഞു.
”ഇന്ന് രാവിലെ ഞാന്‍ 1922 കമ്മിറ്റിയുടെ ചെയര്മാന് സര് ഗ്രഹാം ബ്രാഡിയെ കണ്ടു. നേതൃ തിരഞ്ഞെടുപ്പ് അടുത്ത ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. നമ്മുടെ സാമ്പത്തിക പദ്ധതികള്‍ നല്‍കുന്നതിനും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ദേശീയ സുരക്ഷയും നിലനിര്‍ത്തുന്നതിനുമുള്ള വഴികള്‍ തുടരുമെന്ന് ഇത് ഉറപ്പാക്കും” ലിസ് ട്രസ് പറഞ്ഞു.
ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. താൻ പോരാളിയാണെന്നും തോറ്റുപിൻമാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബ്രിട്ടന് ജീവിതച്ചെലവ് പ്രതിസന്ധിയും വ്യാവസായികമേഖലയില്‍ അശാന്തിയും മാന്ദ്യവും അഭിമുഖീകരിക്കുന്ന സമയത്താണു ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി നാല്‍പ്പത്തിയേഴുകാരിയായ ലിസ് അധികാരമേല്‍ക്കുന്നത്.
കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്.