കൊച്ചി: വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ മോദിക്കെതിരെ സിബിഐയുടെയും എൻഫോഴ്സ്മെന്റിന്റെയും അന്വേഷണം നിലനിൽക്കുന്നുണ്ട്. ഹൈക്കോടതിക്ക് എതിർപ്പില്ലെങ്കിൽ മോദിയെ ഉടൻ തന്നെ ഇന്ത്യക്ക് കൈമാറണമെന്നാണ് ഉത്തരവെന്ന് യുകെ സർക്കാരുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
“സർക്കാർ ഇത് അംഗീകരിച്ചു. ഇത് ഇനി കോടതിയാണ് സമ്മതിക്കേണ്ടത്,” സിബിഐ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: നീരവ് മോദിയെ പാർപ്പിക്കാൻ സ്‌പെഷ്യൽ സെൽ ഒരുക്കി ആർതർ റോഡ് ജയിൽ
ഫെബ്രുവരി 25 ന് യുകെ കോടതി മോദിയെ കൈമാറാൻ ഉത്തരവിട്ടിരുന്നു, തുടർന്ന് അനുമതിക്കായി സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ചു.സ്റ്റേറ്റ് സെക്രട്ടറി അംഗീകാരം നൽകിയ ശേഷവും കോടതിയുടെ തീരുമാനം മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഈ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ മോദിക്ക് 14 ദിവസം സമയം അനുവദിച്ചിരുന്നു.
മോദിക്കെതിരായ തെളിവുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ കോടതി വിധി പുറപ്പെടുവിച്ചത്. മനുഷ്യാവകാശ ലംഘനങ്ങളുണ്ടാവുമെന്നും, ന്യായമായ വിചാരണ ലഭിക്കില്ലെന്നും, ജയിൽ അവസ്ഥ മോശമായിരിക്കുമെന്നും കാണിച്ച് മോദി സമർപ്പിച്ച ഹർജികൾ കോടതി തള്ളിയിരുന്നു.
Read More: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുകെ കോടതി
മോദിയെ കൈമാറുന്നതിനാവശ്യമായ എല്ലാ വ്യവസ്ഥകളും തൃപ്തികരമാണെന്ന് പ്രഖ്യാപിച്ച കോടതി കേസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അയയ്ക്കുന്നുവെന്നും അന്ന് വ്യക്തമാക്കിയിരുന്നു.