ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി എന്‍ ബി) വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയ്ക്കു കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവ്. നീരവ് മോദിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണു കോടതി ഉത്തരവ്.
ഈ വര്‍ഷമാദ്യം അപ്പീല്‍ ഹിയറിങ്ങിനു നേതൃത്വം നല്കിയ ലോര്‍ഡ് ജസ്റ്റിസ് ജെറമി സ്റ്റുവര്‍ട്ട്-സ്മിത്തും ജസ്റ്റിസ് റോബര്‍ട്ട് ജെയും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്. പി എന്‍ ബി വായ്പാ തട്ടിപ്പ് കേസില്‍ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങളാണ് നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ളത്.
അന്‍പത്തിയൊന്നുകാരനായ നീരവ് മോദി നിലവില്‍ തെക്ക്-കിഴക്കന്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണുള്ളത്. ഇന്ത്യയ്ക്കു കൈമാറാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജി സാം ഗൂസിയുടെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് ഫെബ്രുവരിയില്‍ നീരവ് മോദിക്ക് അനുമതി ലഭിച്ചിരുന്നു. മാനസികാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അപ്പീല്‍.
മോദിയുടെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ കൈമാറുന്നത് ‘അന്യായമോ അടിച്ചമര്‍ത്തലോ’ ആകുമോ എന്ന വാദം കേള്‍ക്കാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ (ഇ സി എച്ച് ആര്) അനുച്ഛേദം മൂന്ന് പ്രകാരവും കൈമാറ്റ നിയമം 2003ലെ 91-ാം വകുപ്പ് പ്രകാരവുമാണു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതി നല്‍കിയത്.
നീരവ് മോദിയെ കൈമാറുന്നതിനുള്ള നടപടികള്‍ യുകെയില്‍ പുരോഗമിക്കുകയാണ്. 13,500 കോടി രൂപയുടെ പി എന്‍ ബി തട്ടിപ്പ് കേസില്‍ മോദിക്കെതിരെ കേസ് നിലവിലുണ്ട്. വ്യാജ കത്ത് ബാങ്കില്‍നിന്ന് നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് നേട്ടമുണ്ടായെന്നാണ് ആരോപണം. ‘തെളിവുകള്‍ ഇല്ലാതാകാന്‍ കാരണമായി’, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ‘മരണത്തിനു കാരണമായ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍’ എന്നീ ആരോപണങ്ങളും അദ്ദേഹം നേരിടുന്നു.
Nirav Modi, Nirav Modi extradition, Nirav Modi scam, PNB scam, Nirav Modi UK High Court, Nirav Modi extradition news, Nirav modi news, Nirav Modi PNB scam, who is nirav modi, malayalam news, latest malayalam news, news in malayalam, indian express malayalam,ie malayalam