ലണ്ടൻ: ബാങ്കുകളിൽനിന്നും കോടികളുടെ വായ്പയെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ യുകെയിലെ കോടതിയുടെ ഉത്തരവ്. മല്യയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് വിധി പറഞ്ഞത്. മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

വിവിധ ബാങ്കുകളിൽനിന്നായി കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലാണ് ഉളളത്. 2 വർഷമായി മല്യയെ വിട്ടു കിട്ടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. പൊതുമേഖല ബാങ്കുകളെ വഞ്ചിച്ച് 9000 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് മല്യക്കെതിരായ പ്രധാന കേസ്. കളളപ്പണം വെളുപ്പിച്ചു, വായ്പ തുക വകമാറ്റി ചെലവഴിച്ചു എന്നീ കുറ്റങ്ങളും മല്യക്ക് മേൽ ചുമത്തിയിട്ടുണ്ട്.

വായ്പയെടുത്ത മുഴുവന്‍ തുകയും താന്‍ തിരിച്ചടയ്ക്കാമെന്ന് മല്യ ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. 100 ശതമാനം തുകയും തിരിച്ചടയ്ക്കാമെന്നും ‘ദയവ് ചെയ്ത് സ്വീകരിക്കണം’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ബാങ്കിലെ പണം തിരിച്ചടയ്ക്കാതെ ഞാൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്‍റെ ഒത്തുതീർപ്പ് വാഗ്‌ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി തന്റെ വ്യാപാര ഗ്രൂപ്പ് പണം ചെലവഴിച്ചിട്ടുണ്ടെന്നും മല്യ പറഞ്ഞു. കിങ്ഫിഷര്‍ തകര്‍ന്നപ്പോഴും പണം തിരികെ അടയ്ക്കാമെന്നാണ് താന്‍ പറയുന്നത്. ദയവായി സ്വീകരിക്കണമെന്നും മല്യ പറയുന്നു.

വായ്പയെടുത്ത തുകയും പലിശയുമടക്കം മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് ഇന്ന് കോടതിയിൽ എത്തിയപ്പോഴും മല്യ മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു. ”കിങ്ഫിഷറിലെ മുഴുവൻ ജീവനക്കാർക്കും മറ്റു കടക്കാർക്കും പണം നൽകാൻ തയ്യാറാണ്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കർണാടക ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച സത്യവാങ്മൂലവും നൽകി. 14000 കോടി രൂപയുടെ വസ്തുവകകൾ ഉണ്ട്. ഇത് സംബന്ധിച്ച വിവരം കോടതിക്ക് കൈമാറിയിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാനുളള പണം തന്റെ കൈയ്യിൽ ഉണ്ടെന്നും ബാങ്കുകൾ അത് സ്വീകരിക്കണം,” വിജയ് മല്യ പറഞ്ഞു.

വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയാണ് മല്യയ്ക്കുളളത്. 2016 മാർച്ചിലാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook