ലണ്ടന്‍: ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ജനങ്ങളില്‍ കുത്തിവയ്ക്കും. ഇതോടെ കൊറോണ വൈറസ് വാക്‌സിന് അംഗീകാരം നൽകുന്ന ആദ്യ പാശ്ചാത്യരാജ്യമായി ബ്രിട്ടൻ മാറി. 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊറോണ വൈറസ് തടയാനുള്ള ആഗോള ശ്രമത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിന് വിതരണാനുമതി ലഭിച്ചു കഴിഞ്ഞു. വാക്സിനിന്റെ ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട ഒടുവിൽ ലഭിച്ച ഫലങ്ങൾ 95% ഫലപ്രദമാണെന്ന് ഫെെസർ നേരത്തേ വ്യക്തമാക്കിയിരുന്നു.
അടുത്തയാഴ്ച മുതൽ എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. വാക്‌സിൻ അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ ലഭ്യമാകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. വാക്സിൻ “സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയുടെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചു” എന്ന് യുകെ റെഗുലേറ്റർ, മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി അറിയിച്ചു.
ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക. 40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും.
എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്‌ത ജനവിഭാഗങ്ങളിലും വാക്‌സിൻ ഫലപ്രാപ്‌തി കാണിക്കുന്നുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ നിർമാതാക്കൾ നേരത്തേ തന്നെ അവകാശപ്പെട്ടിരുന്നു. കോവിഡ് ബാധിതരിൽ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ 94 ശതമാനവും സ്ഥിരത പുലർത്തുന്നുണ്ടെന്നും ഫൈസർ പറഞ്ഞിരുന്നു.
Read More: കോവിഡ് വാക്‌സിന്‍: ഫൈസർ 95 ശതമാനം വിജയകരം, ഇനി നിർണായക കടമ്പ