ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷനുള്ള അതൃപ്തി കടുത്ത നടപടികളുമായി തുടരുന്നു. ഇതിനിടെ സാമ്പത്തിക നടപടികൾ കലാലയത്തിലെ ഗവേഷക വിദ്യാർത്ഥികൾക്ക് ദോഷം ചെയ്യുമെന്ന നിലപാട് വൈസ് ചാൻസലർ വ്യക്തമാക്കി. നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) ഇതര വിദ്യാർത്ഥികൾക്കുള്ള ഫെല്ലോഷിപ്പ് തുകയായ 11 കോടിയാണ് വിദ്യാർത്ഥികൾക്ക് നൽകാനുള്ളത്.

യുജിസി ക്ക് ഇത് സംബന്ധിച്ച് വൈസ് ചാൻസലർ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയാണ് ഞെട്ടിച്ചത്. “പന്ത്രണ്ടാം പദ്ധതി ഗ്രാന്റിലേക്ക് അനുവദിച്ച തുക തീർന്നതിനാൽ തുക നൽകാൻ സാധിക്കില്ല” എന്നാണ് യുജിസി നൽകിയിരിക്കുന്ന മറുപടി.

ഈ മറുപടിയിൽ, “വൈദ്യുതിക്കും വെള്ളത്തിനുമായി ജെഎൻയു പണം അധികമായി ചിലവഴിക്കുന്നു”വെന്ന കുറ്റപ്പെടുത്തലും യുജിസി നടത്തി.  ഇതിന് ഏപ്രിൽ 21 ന് വൈസ് ചാൻസിലർ നൽകിയ മറുപടിയിൽ “ഫെല്ലോഷിപ്പ് നേരത്തേ അനുവദിക്കപ്പെട്ട തുകയാണെന്നും, മറ്റ് ചിലവുകൾ  ഒഴിവാക്കാനാകാത്തതാ”ണെന്നും പറഞ്ഞു.

“പ്ലാൻ ഫണ്ടിൽ നിന്നല്ല തുക ചിലവഴിക്കേണ്ടതെങ്കിൽ, എങ്ങിനെയാണ് ചിലവ് കുറയ്‌ക്കേണ്ടതെന്ന് യുജിസി നിർദ്ദേശിക്കണമെന്നും” ജഗദീഷ് കുമാർ ആവശ്യപ്പെട്ടു.

അതേസമയം സർവ്വകലാശാലയ്ക്ക് 16 കോടിയാണ് ഗ്രാന്റിനത്തിൽ നൽകുന്നതെന്നും ഇതിൽ നിന്നാണ് ഫെല്ലോഷിപ്പ് നൽകേണ്ടതെന്നും യുജിസി അധികൃതർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “എല്ലാ ചിലവുകളും നൽകിയ ശേഷം അവസാനമാണ് ജെഎൻയു ഫെല്ലോഷിപ്പ് നൽകുന്നത്. ഇതിനാലാണ് പണം തികയാതെ വന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുജിസി സെക്രട്ടറി അയച്ച ഒരു കത്ത് അടിസ്ഥാനപ്പെടുത്തിയാണ് ജെഎൻയു വൈസ് ചാൻസിലർ ജഗദീഷ് കുമാർ തന്റെ മറുപടി അയച്ചത്. “ഈ കത്തിൽ പറഞ്ഞത് പ്രകാരം വെള്ളം, വൈദ്യുതി എന്നിവയ്ക്ക്  അധികമായി വരുന്ന ചിലവുകൾ പദ്ധതി ഇതര ഗ്രാന്റ് അടയ്ക്കണമെന്നാണ് കരുതിയിരുന്നത്.  വൈദ്യുതിക്കും വെള്ളത്തിനുമായി 36 കോടി രൂപ ചിലവ് വരുന്നുണ്ട്. എന്നാൽ പദ്ധതി ഇതര, വേതനം ഇതര ചിലവിലേക്ക് യുജിസി നൽകുന്നത് 25 കോടി മാത്രമാണ്. പദ്ധതിയിതര ചിലവിലേക്ക് നൽകുന്ന ഗ്രാന്റ് പര്യാപ്തമല്ലെന്ന് വ്യക്തമാണ്. പദ്ധതി തുകയെ ആശ്രയിക്കുകയല്ലാതെ സർവ്വകലാശാലയ്ക്ക് മറ്റ് വഴികളില്ല” ജഗദീഷ് കുമാർ വ്യക്തമാക്കി.

“പ്ലാൻ ഫണ്ടിൽ നേരത്തേ നിശ്ചയിച്ചതിൽ കൂടുതൽ തുക അനുവദിക്കാൻ സാധ്യമല്ല. ഇത് ഓഡിറ്റിംഗിൽ പ്രശ്നമാകും. പന്ത്രണ്ടാം പദ്ധതി തുക പ്രകാരം സർവ്വകലാശാലയുടെ പ്ലാൻ ഫണ്ട് 204 കോടിയായിരുന്നു. ഇത് പിന്നീട് 242 കോടിയായും 247 കോടിയായും ഉയർത്തി.  ഇതിൽ 231 കോടിയാണ് ഇതുവരെ അനുവദിച്ചത്. അതിനാൽ തന്നെ 11 കോടിയുടെ ആവശ്യം പ്ലാൻ ഫണ്ടിന് പുറത്ത് നിന്നല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

“ജവഹർലാൽ നെഹ്റു സർവ്വകലാശാല ഇതിനോടകം തന്നെ വൈദ്യുതി ചിലവ് കുറയ്ക്കാൻ പല വഴികളും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുകയാണ് ഇപ്പോൾ വൈദ്യുതിയിനത്തിൽ നൽകുന്നത്.”

പദ്ധതിയിതര ഫണ്ട് പ്രകാരം യുജിസി കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ജഗദീഷ് കുമാർ, “ഇത് നടന്നില്ലെങ്കിൽ നിലവിലെ ഗവേഷക വിദ്യാർത്ഥികളെ അത് സാരമായി ബാധിക്കും” എന്നും കൂട്ടിച്ചേർത്തു. ജെഎൻയു വിന് അർഹമായ പദ്ധതി തുക 247 കോടിയും അനുവദിക്കണമെന്ന് ജഗദീഷ് കുമാർ ആവശ്യപ്പെട്ടു.

അതേസമയം കത്തിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ജെഎൻയു സർവ്വകലാശാല വൈസ് ചാൻസലർ ജഗദീഷ് കുമാർ പ്രതികരിച്ചില്ല. ഇതേപ്പറ്റി അറിയില്ലെന്ന് രജിസ്ട്രാർ പ്രമോദ് കുമാർ വ്യക്തമാക്കി. എന്നാൽ ജെഎൻയു ആവശ്യപ്പെട്ടത് കിട്ടാനുള്ള തുകയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ