ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, അഖിലേന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ എന്നിവയെ പിൻവലിച്ച് പകരം ഹയർ എജുക്കേഷൻ എംപവർമെന്റ് റഗുലേഷൻ ഏജൻസി (HEERA)​എന്ന പേരിൽ പുതിയ സംവിധാനം തുടങ്ങും.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഉണ്ടാകുന്ന എല്ലാ കാലതാമസവും ഒഴിവാക്കി, ശക്തമായ മേൽനോട്ടത്തിനാണ് ഹീരയിലൂടെ ലക്ഷ്യമിടുന്നത്. നീതി ആയോഗിലെ അമിതാഭ് കന്ത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.കെ.ശർമ എന്നിവരുൾപ്പെട്ട സമിതിയാണ് ഹീരയുടെ സാധ്യതകൾ ഇപ്പോൾ പഠിക്കുന്നത്.

ഏറ്റവും സുതാര്യവും ലളിതവുമായ വിദ്യാഭ്യാസ നിയന്ത്രണമാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ശരാശരി നിലവാരം വിദ്യാഭ്യാസ രംഗത്തെ സമസ്ത മേഖലകളിലും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സാങ്കേതിക വിദ്യാഭ്യാസവും സാങ്കേതികേതര വിദ്യാഭ്യാസവും രണ്ട് കമ്മിഷനുകൾ നിയന്ത്രിക്കുന്നത് അനാവശ്യമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. യുജിസിയെ ക്കാൾ കൂടുതൽ അധികാരം ഹീരയ്ക്ക് ലഭിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ തീരുമാനം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും നടപ്പിലാക്കാൻ വൈകിയതാണെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ