ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകുന്നതുമായി (ബ്രെക്സിറ്റ്) ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുവച്ച കരാറിനെതിരെ ബ്രിട്ടീഷ് പാർലമെന്റ്. പൊതുസഭയിലെ വോട്ടെടുപ്പിന്റെ ഫലം തെരേസ മേക്കെതിരാകുമെന്നാണ് റിപ്പോർട്ടുകൾ. ഫലം എതിരാണെങ്കിൽ ഒരിക്കൽ കൂടി തെരേസ മേ അവിശ്വാസ പ്രമേയം നേരിടേണ്ടി വരും.
സര്‍ക്കാരിന് തിരിച്ചടി നേരിട്ടാല്‍ പ്രധാനമന്ത്രിക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലേബർ പാർട്ടി നേതാവ് ജെറേമി കോർബിൻ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ അവിശ്വാസത്തെ അനുകൂലിക്കുമോ എന്ന കാര്യത്തിൽ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് ഉറപ്പ് നേടാൻ ലേബർ പാർട്ടിക്ക് സാധിച്ചട്ടില്ല.
ബ്രെക്സിറ്റ് കരാറിൽ അർത്ഥപൂർണമായി വോട്ടുചെയ്യണമെന്നായിരുന്നു എംപിമാരോട് തെരേസ മേ ആവശ്യപ്പെട്ടത്. എന്നാൽ പാർലമെന്റിലെ 200ൽ അധികം എംപിമാർ കരാറിനെതിരെ വോട്ടുചെയ്യുമെന്നാണ് കരുതുന്നത്.
പാര്‍ലമെന്റില്‍ ഡിസംബര്‍11 ന് നടക്കേണ്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പാര്‍ലമെന്റില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അന്ന് മേ വോട്ടെടുപ്പ് മാറ്റിവച്ചത്. വോട്ടെടുപ്പില്‍ മേ പരാജയപ്പെട്ടാല്‍ നിയമം നടപ്പാക്കേണ്ട മാര്‍ച്ച് 29 ന് മുമ്പായി മറ്റൊരു നിയമവ്യവസ്ഥയുണ്ടാക്കി പാര്‍ലമെന്റില്‍ പാസാക്കണം. അല്ലെങ്കില്‍ പ്രത്യേക സഹകരണ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടിവരും. ഇയുവിലെ മറ്റു രാജ്യങ്ങളോട് ഉടമ്പടിയൊന്നുമില്ലാതെ ബ്രെക്സിറ്റിലേക്ക് നീങ്ങിയാല്‍ അത് രാജ്യത്തിന്റെ രാജ്യാന്തര ബന്ധങ്ങളെയടക്കം മോശമായി ബാധിക്കും.