മംഗലാപുരം: ഏറെ പ്രശസ്തമായ ഉഡുപ്പി ശ്രീകൃ‌ഷ്‌ണ ക്ഷേത്രത്തില്‍ തുടർന്നുപോന്നിരുന്ന മഡേ സ്‌നാന, എഡേ സ്‌നാന എന്നീ ആചാരങ്ങൾ അവസാനിപ്പിച്ചു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ആചാരങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചത്. ദീർഘകാലമായി ഈ ആചാരങ്ങൾക്ക് എതിരെ സിപിഎമ്മും പോഷക സംഘടനകളും നടത്തിവന്ന സമരമാണ് ഫലം കണ്ടിരിക്കുന്നത്.

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ താഴ്‌ന്ന ജാതിയിലുളളവർ കിടന്നുരുളുന്ന ആചാരമാണ് മഡേ സ്നാന. പ്രസാദം നിവേദിച്ച ഇലയിൽ കീഴ്‌ജാതിക്കാർ ഉരുളുന്നതിനെ എഡേ സ്‌നാന എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ അടക്കം നേതൃത്വത്തിൽ പ്രവർത്തകർ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കും ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും ആചാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയിരുന്നു.

ഈ ആചാരങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 2009 ലാണ് ആദ്യമായി പ്രതിഷേധം നടത്തിയത്. കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലായിരുന്നു പ്രതിഷേധം. പിന്നീട് തുടർച്ചയായി മാർച്ചുകളും പ്രതിഷേധങ്ങളും നടത്തി. 2012 ഡിസംബർ മാസം 24ന് സിപിഎം പ്രവർത്തകർ മംഗലാപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പദയാത്ര സംഘടിപ്പിച്ചു. ഡിസംബർ 27 ന് മാർച്ച് ഉഡുപ്പിയിൽ എത്തിയപ്പോൾ പൊലീസ് തടയുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

പിന്നീട് 2013 ജൂലൈ 8ന് സിപിഐഎം നൊപ്പം ദളിത് സംഘടനകളും മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2014 മെയ് 5 മുതൽ ഉഡുപ്പിയിൽ സിപിഎം അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു.

ഇതിനിടയിലാണ് കർണ്ണാടകയിലെ ഹസ്സൻ ജില്ലയിൽ ദളിതർക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രത്തിലേക്ക് സിപിഎം പ്രക്ഷോഭം സംഘടിപ്പിച്ചത്. രണ്ട് വർഷം തുടർച്ചയായി നടത്തിയ പ്രക്ഷോഭങ്ങൾ വിജയം കണ്ടു. ഇതിന് പിന്നാലെയാണ് ഉഡുപ്പിയിലും സമരം വിജയം കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook