കർണാടകയിൽ ഹിജാബ് വിലക്കിനെതിരെ കോടതിയിൽ ഹർജി സമർപിച്ച വിദ്യാർത്ഥിനികളിൽ ഒരാളുടെ സഹോദരന് നേർക്കുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കർണാടക പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഉഡുപ്പിയിലാണ് വിദ്യാർത്ഥിനിയുടെ സഹോദരനെ ആൾക്കൂട്ടം ആക്രമിച്ചത്. യുവാവിന്റെ ഭക്ഷണശാല അക്രമികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഹരജിക്കാരിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാല തിങ്കളാഴ്ച രാത്രി 9:30 ഓടെ, അവർ അടയ്ക്കുമ്പോൾ 50 ഓളം പേർ അതിക്രമിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനക്കൂട്ടം ഹർജിക്കാരിയുടെ സഹോദരനെ ആക്രമിക്കുകയും അവരുടെ പിതാവിനെ മർദ്ദിക്കുകയും ഭക്ഷണശാലയ്ക്ക് നേരെ കല്ലെറിയുകയും അതിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മാൽപെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഹർജിക്കാരിയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിസംഘത്തിലെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഒരു പ്രാദേശിക വാർത്താ ചാനലിൽ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിൽ പങ്കെടുത്തതിനാലാണ് ഇയാളെ ലക്ഷ്യമിടുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമിച്ച ജനക്കൂട്ടം സംവാദത്തിനിടെ അയാളുടെ പ്രസ്താവനകളെ കുറിച്ച് ചോദ്യം ചെയ്തതായും പൊലീസ് പറയുന്നു. “ഹിന്ദുത്വ അനുകൂല സംഘടനയാണ് ഹോട്ടൽ ആക്രമിച്ചതെന്ന് ഞങ്ങൾ സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 143,145, 147, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ആൾക്കൂട്ടത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന് ശേഷം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഹർജിക്കാരി ട്വിറ്ററിൽ കുറിച്ചു.