ചെന്നൈ: തമിഴ്‌നാട്ടിലെ ഉദുമൽപേട്ടയിൽ ഉയർന്ന ജാതിയിലുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ കുറ്റവിമുക്‌തനാക്കി. കേസിൽ അഞ്ച് പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇവരുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു. ഇവരുടെ ശിക്ഷ ജീവപര്യന്തമായാണ് കുറച്ചിരിക്കുന്നത്. 25 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയാണ് നേരത്തെ വധശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ അച്ഛൻ ചിന്നസ്വാമി കേസിൽ പ്രതിയായിരുന്നു. എന്നാൽ, ഹൈക്കോടതി ഇയാളെ കുറ്റവിമുക്‌തനായി പ്രഖ്യാപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എം.സത്യനാരായണൻ, എം.നിർമൽ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ 2017 മാർച്ച് 13 നാണു ഉദുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.
Read Also: വെെദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ; സിസിടിവി ഓഫ് ചെയ്‌ത നിലയിൽ
തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്‌തതാണു കൊലപാതകത്തിൽ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയുടെ പഠനം നിർത്തി വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ പോവുകയും അവിടെ താമസമാക്കുകയും ചെയ്തു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.
ഗുണ്ടാനേതാവ് ജഗദീഷിന്റെ നേതൃത്വത്തിലാണ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശങ്കറിനെ കൊല്ലുന്നതിനായി അമ്പതിനായിരം രൂപയാണ് പെൺകുട്ടിയുടെ പിതാവ് ജഗദീഷിന് നൽകിയത്. കൊലപാതകത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ജഗദീഷിൽ നിന്ന് 40000 രൂപ പൊലീസ് കണ്ടെത്തിയിരുന്നു.