തിരുപ്പൂർ: തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടയിൽ ഉയർന്ന ജാതിയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവുൾപ്പടെ ആറ് പേർക്ക് വധശിക്ഷ. തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ ഒരാൾക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ മാർച്ച് 13 നാണു ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.

തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്‌തതാണു കൊലപാതകത്തിൽ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടർന്നു ശങ്കറിനോടൊപ്പം താമസിക്കാൻ ശങ്കറിന്റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

ഗgണ്ടാനേതാവ് ജഗദീഷിന്റെ നേതൃത്വത്തിലാണ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശങ്കറിനെ കൊല്ലുന്നതിനായി അമ്പതിനായിരം രൂപയാണ് പെൺകുട്ടിയുടെ പിതാവ് ജഗദീഷിന് നൽകിയത്. കൊലപാതകത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ജഗദീഷിൽ നിന്ന് 40000 രൂപ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302,144 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. കൊലപാതകം, ആയുധം കൈവശം വയ്ക്കൽ, കലാപം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകൾക്ക് കീഴിൽ വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ