/indian-express-malayalam/media/media_files/uploads/2023/09/Udhayanidhi-1.jpg)
സനാതന ധര്‍മ്മം: വിവാദ പ്രസ്താവനയെ വിമര്‍ശിച്ച ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിന്‍| ഫൊട്ടോ;എഎന്‍ഐ
ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി വിമര്‍ശനത്തില്‍ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍. തനിക്കെതിരെ എന്ത് കേസുകള്‍ നല്‍കിയാലും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുകയും സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ ഇത് തുടര്‍ച്ചയായി പറയും,' തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രിയായ ഉദയനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ പരാമര്‍ശങ്ങളെ 'വംശഹത്യയ്ക്കുള്ള ആഹ്വാന'മെന്ന് വിശേഷിപ്പിച്ചതിന് ശേഷം 'വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്' അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷത്തിന്റെ ഇന്ത്യന്‍ സഖ്യത്തെ ഭരണകക്ഷി ഭയക്കുന്നുവെന്നും ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് ആരോപിച്ചാണ് സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി പറഞ്ഞത്. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ചെന്നൈയിലെ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത്സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം.
ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും സനാതന ധര്‍മ്മത്തെയും അവഹേളിച്ചതിന്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ സംഘത്തിനെതിരെ ആഞ്ഞടിച്ചതോടെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഒരു തര്‍ക്കത്തിന് കാരണമായി. ''ഞാന്‍ വംശഹത്യക്ക് ക്ഷണിച്ചു എന്ന് പറഞ്ഞ് ബാലിശമായി പെരുമാറുന്നവരുണ്ട്, മറ്റുള്ളവര്‍ ദ്രാവിഡം നിര്‍ത്തലാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ? 'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന്‍? സനാതന്‍ എന്നാല്‍ ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാല്‍ ദ്രാവിഡ മാതൃക മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു, എല്ലാവരും തുല്യരായിരിക്കണം, ''ഉദയനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുലം ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.