/indian-express-malayalam/media/media_files/uploads/2019/03/Uddav-Thakkery.jpg)
മുംബൈ: അയോധ്യ സന്ദര്‍ശനം നടത്താനൊരുങ്ങി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ശിവസേനയുടെ 18 എംപിമാര്‍ക്കൊപ്പമായിരിക്കും താക്കറെ അയോധ്യ സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കും മുന്‍പായിരിക്കും സന്ദര്‍ശനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാമക്ഷേത്രം പണിയണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനാണ് എന്‍ഡിഎ സര്‍ക്കാരിലെ സഖ്യകക്ഷിയായ ശിവസേന ഉദ്ദേശിക്കുന്നത്. ജൂണ്‍ 17 ന് മുന്‍പ് ഉദ്ദവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേനയോട് അടുത്ത ബന്ധമുള്ള ഉറവിടങ്ങളില്‍ നിന്ന് വ്യക്തത ലഭിക്കുകയും ചെയ്തിട്ടുണ്ട്.
Read More: ‘രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ നിങ്ങള്‍ ഭരണത്തില്‍ ഇരിക്കില്ല’; ബിജെപിയോട് ഉദ്ദവ് താക്കറെ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ താക്കറെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. അന്നും രാമക്ഷേത്രത്തിനായി ശിവസേന ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവസേന നടത്തിയ സമ്മര്‍ദ തന്ത്രങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഒടുവില്‍, ബിജെപിയെയും സര്‍ക്കാരിനെയും രാമക്ഷേത്രത്തിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കേണ്ട ആവശ്യമില്ലെന്ന് ശിവസേന തീരുമാനമെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്രത്തിനായി വീണ്ടും ആവശ്യം ഉന്നയിക്കാമെന്ന നിലപാടിലായിരുന്നു ശിവസേന.
മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം സഖ്യമായി മത്സരിച്ച ശിവസേന ഇത്തവണ 18 സീറ്റിലാണ് വിജയിച്ചത്.
Read More: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ
രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കില്ലെന്ന് താക്കറെ നേരത്തെ വിമർശനമുന്നയിച്ചിട്ടുണ്ട്. ‘രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കില്ല. ഇനി അവര്‍ ഭരണത്തില്‍ ഇല്ലെങ്കിലും രാമക്ഷേത്രം ഞങ്ങള്‍ നിര്‍മ്മിക്കും,’ താക്കറെ പറഞ്ഞു.
"സന്ന്യാസിമാരുടെ അനുഗ്രഹം ഞാന്‍ വാങ്ങി. അവരുടെ അനുഗ്രഹം ഇല്ലാതെ ക്ഷേത്രം നിര്‍മ്മിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. അയോധ്യയില്‍ വന്നതില്‍ എനിക്ക് മറ്റ് അജണ്ടകളൊന്നും ഇല്ല. ലോകത്താകമാനമുളള ഇന്ത്യക്കാരുടേയും ഹിന്ദുക്കളുടേയും വികാരം അറിയിക്കാനാണ് ഞാന്‍ എത്തിയത്. രാമക്ഷേത്രം നിര്‍മ്മിക്കാനായാണ് അവരെല്ലാം കാത്തിരിക്കുന്നത്" - താക്കറെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.