scorecardresearch
Latest News

മുഖ്യമന്ത്രിയാകാൻ ഉദ്ധവ് താക്കറെ; സത്യപ്രതിജ്ഞ നാളെ ശിവാജി പാർക്കിൽ

ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിംഗ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചു

മുഖ്യമന്ത്രിയാകാൻ ഉദ്ധവ് താക്കറെ; സത്യപ്രതിജ്ഞ നാളെ ശിവാജി പാർക്കിൽ

മുംബൈ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും.

166 എം‌എൽ‌എമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഗാദിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചു.

ഉദ്ധവ് മഹാരാഷ്ട്ര അസംബ്ലിയിലോ കൗൺസിലിലോ അംഗമല്ലാത്തതിനാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിൽ അംഗമാകേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

Read More: ‘നാലേ…നാല് ദിനം’; ഏറ്റവും കുറവ് കാലം മുഖ്യമന്ത്രിമാരായവരുടെ പട്ടികയിൽ ഇനി ഫട്നാവിസും

സത്യപ്രതിജ്ഞ ചെയ്ത് നാലു ദിവസത്തിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് സർക്കാർ രൂപീകരിക്കാൻ ത്രികക്ഷി സഖ്യത്തെ ഗവർണർ സ്വാഗതം ചെയ്തിരിക്കുന്നത്.

സഖ്യ കക്ഷികളുമായി തങ്ങൾ ഗവർണറെ സന്ദർശിക്കുകയും പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുകൾ സമർപ്പിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഉദ്ധവ് താക്കറെയെ ക്ഷണിക്കാൻ ഗവർണറോട് അഭ്യർത്ഥിച്ചുവെന്നും എൻ‌സി‌പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു.

അതേസമയം ഇന്ന് ഗവർണർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് ആരംഭിക്കും. പ്രോടേം സ്പീക്കറായി മുതിർന്ന ബി.ജെ.പി എം.എൽ.എ കാളിദാസ് കൊളാംബ്കറെ ഗവർണർ നിയമിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഇന്നലെ ഉച്ചയോടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും ശിവസേന വിലപേശിയത് ഉറപ്പുനല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരസ്പരം ചേരാത്ത മൂന്ന് പാർട്ടികളാണ് സർക്കാർ രൂപീകരണത്തിനായി കൈകോർക്കുന്നതെന്ന് ഫഡ്നാവിസ് വിമർശിച്ചു. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ത്രികക്ഷി സഖ്യത്തിന് സാധിക്കില്ലെന്നും മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും പറഞ്ഞ ഫഡ്നാവിസ് ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നുവെന്നും വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷമായി മഹാരാഷ്ട്രയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെയാണ് ഫഡ്നാവിസിന്റെ രാജി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uddhav thackeray to become cm swearing in at shivaji park tomorrow