ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് വെെകീട്ട് 6.45 ന് ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ഭഗത് സിങ് കോശ്യാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവും ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ നേതാവുമാണ് ഉദ്ധവ് താക്കറെ.

ഉദ്ധവ് താക്കറെ അടക്കം ഏഴ് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. ശിവസേനയിൽ നിന്ന് മൂന്ന് പേരും (ഉദ്ധവ് താക്കറെ അടക്കം) കോൺഗ്രസ്, എൻസിപി പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു പുറമെ മന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് (ശിവസേന), ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍ (എന്‍സിപി), നിതിന്‍ റാവത്ത് (കോണ്‍ഗ്രസ്) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്.  മറ്റുള്ള മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭയുടെ ആദ്യയോഗം എട്ടുമണിക്കു ചേരും.

ശിവസേനയ്ക്കു മുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും നാലു സഹമന്ത്രിസ്ഥാനവും ലഭിക്കും. എന്‍സിപിക്ക് ഉപമുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും മൂന്നു സഹമന്ത്രിസ്ഥാനവും ലഭിക്കും. കോണ്‍ഗ്രസിന് 10 കാബിനറ്റ് റാങ്കും മൂന്ന് സഹമന്ത്രിമാരും സ്പീക്കര്‍പദവിയും ലഭിക്കും. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ സ്പീക്കറായേക്കും.

Read Also: ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ? കജോളിന്റെ രസകരമായ മറുപടി

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് സിങ്വി, എന്‍സിപി നേതാവ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസകൾ അർപ്പിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ത്രികക്ഷി സഖ്യത്തെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ടെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഉദ്ധവ് താക്കറയ്‌ക്ക് അയച്ച കത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്ഥിരതയുള്ള സർക്കാരായിരിക്കും മഹാരാഷ്ട്രയിലേതെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്, സോണിയ ഗാന്ധി,  ജയബച്ചന്‍ തുടങ്ങിയവരും ത്രികക്ഷി സഖ്യത്തിന് ആശംസകൾ അർപ്പിച്ചു.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റത്. കോൺഗ്രസും എൻസിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിഷ്‌കർഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ത്രികക്ഷി സഖ്യം നിലപാടെടുത്തു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തങ്ങളുടേതെന്നും മഹാസഖ്യം അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook