മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇക്കാര്യത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ധാരണയിലെത്തിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. മുംബൈയില്‍ നടന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി യോഗത്തിനു ശേഷമാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്. അഞ്ച് വര്‍ഷവും ഉദ്ദവ് താക്കറെ തന്നെയായിരിക്കും മുഖ്യമന്ത്രി. ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചതായി ശരദ് പവാർ പറഞ്ഞു. എന്നാൽ, സർക്കാർ രൂപീകരണ പ്രഖ്യാപനം ഇന്നുണ്ടാകാൻ സാധ്യതയില്ല.

സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കാണുന്ന കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു. എല്ലാ വിഷയങ്ങളിലും പരസ്പരം ധാരണയായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. നാളെ കോൺഗ്രസ്-ശിവസേന-എൻസിപി നേതാക്കൾ സംയു‌ക്‌ത വാർത്താസമ്മേളനം നടത്തും.

അതേസമയം, മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട എൻസിപി-ശിവസേന-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ബിജെപി സുപ്രീം കോടതിയിൽ. ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്ന് ബിജെപി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ജനവിധിയെ മാനിക്കാതെയുള്ള അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കരുതെന്ന് ബിജെപി സുപ്രീം കോടതിയിൽ.

Read Also: ‘പന്തെവിടെ…പന്തെവിടെ?’ ‘പന്ത് ദാ ഇവിടെ’; രോഹിത് വിട്ടത് പുജാര പിടിച്ചു, പൊട്ടിച്ചിരിച്ച് കോഹ്‌ലി, വീഡിയോ

ബിജെപി-ശിവസനേ സഖ്യം തകര്‍ന്നത് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായിരുന്നു ബിജെപി-ശിവസേന സഖ്യം. ബിജെപിയും ശിവസേനയും തമ്മില്‍ വലിയ ആശയ വ്യത്യാസങ്ങളില്ല. അങ്ങനെയൊരു സഖ്യം തകര്‍ന്നത് രാജ്യത്തിന് മാത്രമല്ല ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് ഗഡ്‌കരി പറഞ്ഞു.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ ഗഡ്‌കരി പരിഹസിച്ചു. വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് ഈ സഖ്യമെന്ന് ഗഡ്‌കരി പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ആശയങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. മൂന്നു പേരുടെയും ആശയങ്ങള്‍ യോജിച്ചുപോകുന്നതല്ല. മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാലും അത് അധികം മുന്നോട്ടുപോകില്ലെന്നും ഗഡ്‌കരി പറഞ്ഞു.

Read Also: കേന്ദ്ര സർക്കാരിൽ വിവിധ വകുപ്പുകളിലായി 7 ലക്ഷത്തോളം ഒഴിവുകൾ: ജിതേന്ദ്ര സിങ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook