മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെയും ആഞ്ഞടിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ. നേവിയെക്കുറിച്ച് നിതിൻ ഗഡ്കരി പറഞ്ഞതുകേട്ടപ്പോൾ എനിക്ക് ദേഷ്യമാണുണ്ടായത്. സൈനികർ അതിർത്തി കാക്കണമെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിൽ ഒരു മനഃസാക്ഷിക്കുത്ത് ഇല്ലെന്നും താക്കറെ പറഞ്ഞു. മുംബൈയിൽ നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഉദ്ധവ് താക്കറെയെ ശിവസേന മേധാവിയായി വീണ്ടും തിരഞ്ഞെടുത്തിരുന്നു.

ജനങ്ങൾ കരുതുന്നത് നമുക്ക് ശക്തനായൊരു നേതാവുണ്ടെന്നാണ്. എന്നാൽ അഹമ്മദാബാദിൽ ലോക നേതാക്കൾക്കൊപ്പം പട്ടം പറത്താൻ താൽപര്യമുളള ഒരു നേതാവാണ് നമുക്കുളളതെന്ന് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് താക്കറെ പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യ സന്ദർശിക്കുന്ന ലോക നേതാക്കളെ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നതെന്നും എന്തുകൊണ്ട് കശ്മീരിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തിലേക്കോ കൊണ്ടുപോകാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി നേതാക്കൾ നൽകുന്ന പൊളളയായ വാഗ്‌ദാനങ്ങളെയും ഉദ്ധവ് താക്കറെ ചോദ്യം ചെയ്തു. ഇന്ത്യയിൽ ഒരു പശുവിനെ കൊല്ലുന്നത് കുറ്റമാണ്. അങ്ങനെയെങ്കിൽ നുണ പറയുന്നതും ഒരു കുറ്റമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ വളരുകയാണോ അതോ തളരുകയാണോയെന്ന് ഒരാൾക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങൾ തകരുകയാണ്, യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. മുൻ സർക്കാരും ഇപ്പോഴത്തെ സർക്കാരും തമ്മിലുളള വ്യത്യാസമെന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും താക്കറെ പറഞ്ഞു.

ഇപ്പോഴത്തെ സർക്കാർ പരസ്യങ്ങൾക്കായാണ് പണം ചെലവിടുന്നത്. കോടിക്കണക്കിന് രൂപ പരസ്യങ്ങൾക്കായി ചെലവഴിക്കുമ്പോൾ ജനങ്ങളുടെ വളർച്ചയ്ക്കായി അത്രതന്നെ ചെലവാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ