മുംബൈ: ശിവസേനാ മുഖ്യന്‍ ഉദ്ധവ് താക്കറെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നോട്ടുനിരോധനവും ചരക്കുസേവന നികുതിയുമടക്കം ബിജെപി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചയായി.

ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയും ദേശീയാടിസ്ഥാനത്തില്‍ തന്നെ സംഘപരിവാറിനെതിരെ കടുത്ത ശബ്ദമായ മമതാ ബാനര്‍ജിയും നടത്തിയ കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ട് പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ബിജെപിക്കുമേല്‍ സമ്മർദ്ദം ചെലുത്തുന്നതിന്‍റെ സൂചനയാണിത്.

മമതയുമായുള്ള കൂടിക്കാഴ്ച ഔപചാരികമല്ലെന്ന് പറഞ്ഞ ഉദ്ധവ് “ഇരുവര്‍ക്കും പൊതുവായൊരു ആശങ്ക നിലനില്‍ക്കുന്ന നയപരമായ ചില വിഷയങ്ങളുണ്ട്. ചരക്കുസേവന നികുതിക്കും നോട്ടുനിരോധനത്തിനുമെതിരെ ആദ്യം സംസാരിച്ചത് ഞങ്ങളായിരുന്നു. അതുപോലെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.” കൂടിക്കാഴ്ചയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് ഉദ്ധവ് പറഞ്ഞു.

“കൊല്‍ക്കത്ത മുംബൈ മുൻസിപ്പാലിറ്റികളെ സഹോദര നഗരങ്ങളായി പ്രഖ്യാപിക്കുന്ന കാര്യവും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.” ശിവസേന നേതാവ് പറഞ്ഞു.

എന്നാല്‍ “കൂടിക്കാഴ്ചയില്‍ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളും ജനങ്ങള്‍ക്കുള്ള ആശങ്കകളും ചര്‍ച്ചയായി” എന്നാണ് മമതയോട് അടുത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞത്.

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും ഉദ്ധവ് താക്കറെ സംസാരിച്ചു എന്നാണ് അറിയാന്‍ സാധിക്കുന്നത്. ” ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ആശയപരമായി ഒരുപാട് വ്യത്യാസമുണ്ട്. എങ്കിലും 2019 തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്നവരാണ് ഇരുവരും.” അതുതന്നെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ