ജയ്പുര്‍: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നു. ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെയാണു രണ്ടു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെ രാജ് സമന്ദ് ജില്ലയില്‍നിന്നു പൊലീസ് പിടികൂടി.
വസ്ത്രങ്ങളുടെ അളവുകള്‍ നല്‍കാനെന്ന വ്യാജേനയാണ് കനയ്യലാലിനെ കൊലയാളികള്‍ സമീപിച്ചത്. ഇവരില്‍ ഒരാളുടെ അളവ് തയ്യല്‍ക്കാരന്‍ എടുക്കുന്നതു മറ്റേയാള്‍ റെക്കോര്‍ഡ് ചെയ്തതായി കരുതുന്ന വീഡിയോയില്‍ കാണാം.
നിമിഷങ്ങള്‍ക്കുള്ളില്‍ കൊലയാളി ഇറച്ചിവെട്ടുന്ന കത്തി പുറത്തെടുത്ത് തയ്യല്‍ക്കാരന്റെ കഴുത്തുവെട്ടുകയായിരുന്നു. കൊലയാളി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ‘എന്താണ് സംഭവിച്ചത്? എന്നോട് പറയൂ!’ (ക്യാ ഹുവാ ബതാവോ തോ സാഹി) എന്ന് തയ്യല്‍ക്കാരന്‍ ആവര്‍ത്തിച്ചുപറയുന്നതു വീഡിയോയില്‍ കേള്‍ക്കാം.
രണ്ടാമത്തെ വീഡിയോയില്‍, തങ്ങള്‍ മുഹമ്മദ് റിയാസും സുഹൃത്തും ആണെന്നു പരിചയപ്പെടുത്തിയ അക്രമികള്‍ ‘തലവെട്ടലില്‍’ അഭിമാനിക്കുന്നതായി പറയുന്നു. തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Also Read: ഗുജറാത്ത് കലാപ കേസുകൾ: സുപ്രീം കോടതി ഒരിക്കൽ പറഞ്ഞതും ചെയ്തതും
കൊലപാതകത്തെത്തുടര്‍ന്ന് നഗരം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം 600 പോലീസുകാരെയും ഉദയ്പൂരിലേക്ക് അയച്ചതായും രാജസ്ഥാനിലുടനീളം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി ഹവ സിങ് ഘുമാരിയ പറഞ്ഞു.
ദാരുണ കൊലപാതകത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപലപിച്ചു. ”കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കുറ്റകൃത്യത്തിന്റെ ഏറ്റവും അടിത്തറ വരെ അടിത്തറ വരെ പൊലീസ് പരിശോധിക്കും. സമാധാനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ പങ്കുവെച്ച് അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഗെലോട്ട് അഭ്യര്‍ഥിച്ചു. വീഡിയോ പങ്കിടുന്നത്, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുകയെന്ന കുറ്റവാളിയുടെ ഉദ്ദേശ്യം വിജയിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനം നിലനിര്‍ത്താന്‍ ജില്ലാ കളക്ടര്‍ താരാചന്ദ് മീണയും എസ് പി മനോജ് കുമാറും അഭ്യര്‍ത്ഥിച്ചു. കുറ്റവാളികള്‍ക്കു ജാതിയില്ലെന്നു പറഞ്ഞ ഇരുവരും സംഭവത്തില്‍ വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.