scorecardresearch
Latest News

യൂബറിന്റെ പറക്കും കാർ ആകാശ ടാക്സി നടപ്പാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും?

നഗരഗതാഗതത്തിൽ സമൂലപരിഷ്കരണത്തിനുളള ധീരമായ ചുവട് വയ്പാണ് യൂബറിന്റെ ആകാശ ടാക്സിയെന്ന് സിഇഒ

uber

ടോക്കിയോ: മുംബൈ വിമാനത്താവളത്തിൽ നിന്നും സിഎസ്ടിയിലേക്കോ, ഗുഡ്ഗാവിൽ നിന്നും ഡൽഹിയിലേക്കോ എറണാകുളത്ത് നിന്നും തൃശൂരിലേക്കോ ‘കണ്ണടച്ചു തുറക്കുന്ന’ വേഗത്തിൽ, പത്ത്, പതിനഞ്ച് മിനിറ്റിൽ എത്തിച്ചേരുക എന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അതാണ് ഇപ്പോൾ യൂബർ ചെയ്യാനൊരുങ്ങുന്നത്. വരാൻ പോകുന്ന കാലത്ത് യൂബർ യാത്രാ സങ്കൽപ്പങ്ങളുടെ ഗിയർ മാറ്റുകയാണ്.

റോഡിലെ തിക്കും തിരക്കുമല്ല, യാത്രാവേഗത്തിൽ സമയരഥത്തിൽ ആകാശ സഞ്ചാരമാണ് യൂബറിന്റെ സ്വപ്നം. ആകാശ ടാക്സി എന്ന സങ്കൽപ്പവുമായി യൂബർ വരുന്നു. ഈ ആകാശ ടാക്സി നടപ്പാക്കാൻ യൂബർ തിരഞ്ഞെടുത്തിട്ടുളള ചുരുക്ക പട്ടികയിലുളള ആദ്യ അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളാണുളളത്. ഡാലസും ലൊസാഞ്ചൽസുമാണ്  യൂബർ എയര്‍ ഫ്ലൈറ്റിന് ആദ്യം തിരഞ്ഞെടുത്ത രണ്ട് നഗരങ്ങൾ.

യൂബറിന്റെ എലിവേറ്റ് പ്രോഗ്രാം 2016 ലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം യൂബർ എയർ ഡെമോൺസ്ട്രേറ്റ് ചെയ്യാനുളള താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2020 മുതൽ വാണിജ്യപരമായി ഇതാരംഭിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

ലോകത്തെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡിലെ കാർ യാത്രകൾക്കുമപ്പുറം എന്തെല്ലാം വഴികളുണ്ടെന്നാണ് യൂബർ ആലോചിക്കുന്നത്. ടോക്കിയോയിൽ നടക്കുന്ന യൂബർ എലിവേറ്റ് ഏഷ്യ-പെസഫിക് ഉച്ചകോടിയിലാണ് അഞ്ച് വർഷം മുൻകൂട്ടി കണ്ടുള്ള പദ്ധതികളുടെ അവതരണം നടക്കുന്നത്.

ഒരു ബട്ടൺ അമർത്തി യാത്രക്കാർക്ക് വിമാനയാത്ര ലഭ്യമാക്കുന്നതാണ് യൂബറിന്റെ ലക്ഷ്യമെന്ന് യൂബർ ആകാശപദ്ധതിയുടെ മേധാവിയായ എറിക് എല്ലിസൺ പറഞ്ഞു. തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗതാഗത സാധ്യതകളെ വളരെ വേഗം മാറ്റിത്തീർക്കാവുന്ന അഞ്ച് രാജ്യങ്ങളുടെ ചുരുക്കപ്പട്ടികയാണ് യൂബർ പ്രഖ്യാപിച്ചത്. യൂബർ എലിവേറ്റേസ് രൂപകൽപ്പന ചെയ്ത യൂബർ ഫ്ലൈറ്റിന്റെ ആദ്യ ഭാവി യാത്രാ വഴി അവർ പുറത്തുവിട്ടു. ഡൽഹി, ടോക്കിയോ, മുംബൈ, സിയോൾ, സിഡ്നി, തായ്‌പേയ് എന്നിവിടങ്ങളിലെ പട്ടികയാണ് അവർ പുറത്ത് വിട്ടത്. ഡൽഹിയിൽ രണ്ട് മണിക്കൂർ സമയമാണ് യൂബർ എയർ ഉപയോഗിച്ചാൽ ലാഭിക്കാൻ സാധിക്കുകയെന്നാണ് യൂബറിന്റെ അവകാശവാദം.

യൂബർ എന്നാൽ കാർ ഗതാഗതം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും നഗരഗതാഗതത്തെകുറിച്ച് എല്ലാ അർത്ഥത്തിലുമാണ് യൂബർ സാർത്ഥകമാക്കുന്നതെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബാർമി ഹാർഫോഡ് പറഞ്ഞു. നഗരവാസികൾക്കായി ആകാശത്തിന്റെ സാധ്യതകളുടെ വാതിൽ തുറക്കാനാണ് യൂബർ നോക്കുന്നത്. നഗരഗതാഗതത്തെ സമൂലമായി പരിഷ്കരിക്കുന്നതിനായുളള ധീരമായ ഉദ്യമമാണിതെന്നും അദ്ദേഹം പറഞ്ഞു.

യൂബർ ഒന്നിലേറെ പാർട്ണർമാരുമായി ബന്ധപ്പെട്ടാണ് ആകാശ യാത്ര പദ്ധതി നടപ്പാക്കുന്നത്. 15 കിലോമീറ്റർ മുതൽ നൂറ് കിലോമീറ്റർ വരെയുളള യാത്രകൾക്കായി വിമാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നതിനായാണ് ഈ പ്രവർത്തനം. പുതിയ തരത്തിലുളള ഇലക്ട്രിക് എയർക്രാഫ്റ്റുകൾക്കായാണ് പരിശ്രമിക്കുന്നത്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ പറക്കുന്നതും കുത്തനെ ഇറക്കാൻ പറ്റുന്നതുമായ വിമാനങ്ങളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. ഈ ആകാശയാനങ്ങൾക്ക് അവിശ്വസനീയമായ വേഗതയും ഉയർന്ന വിശ്വാസ്യതയും ഉണ്ടായിരിക്കുമെന്ന് ഹാർഫോഡ് അവകാശപ്പെട്ടു. ആയിരം മുതൽ രണ്ടായിരം അടി ഉയരത്തിൽ അറുപത് മൈൽ ദൂരം ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ സഞ്ചരിക്കാനും കഴിയുന്നതായിരിക്കും. എല്ലാ അർത്ഥത്തിലും ജനപ്രിയമാക്കുന്നതായിരിക്കും ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.uber eats

ആളുകളുടെ ഗതാഗത സൗകര്യത്തിന് വേണ്ടി മാത്രമല്ല, ഭക്ഷണ സാധനങ്ങളും മറ്റ് വസ്തുക്കളും വിനിമയം ചെയ്യുന്നതിനും ആകാശ സാധ്യതകൾ ഉപയോഗിക്കും. ആളുകൾക്കും വസ്തുക്കൾക്കും വൺ സ്റ്റോപ്പ് ഷോപ്പ് എന്നതായി യൂബർ മാറുമെന്ന് അദ്ദേഹം പറഞ്ഞു. യൂബർ ഈറ്റ്സും ആകാശ സംവിധാനം ഉപയോഗിക്കുന്നതോടെ ഭക്ഷണം കൂടുതൽ വേഗത്തിൽ എത്തിക്കുന്നതിന് സാധ്യമാകും.

നഗരത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് തങ്ങൾ ആകാശത്തേയ്ക്ക് നോക്കുന്നതെന്ന് എല്ലിസൺ പറഞ്ഞു. റോഡ് ഗതാഗതത്തിലെ നെറ്റ് വർക്കിങ് വഴികളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ആകാശത്തേക്ക് നോഡ് അടിസ്ഥാനമാക്കിയാണ്.

India among five countries shortlisted for Uber’s air mobility concept

ആകാശയാത്ര എന്ന സങ്കൽപ്പം വിജയകരമാകണമെങ്കിൽ അത് വളരെ വിലകുറഞ്ഞതും സുരക്ഷിതവും ശബ്ദരഹിതവും ആയിരിക്കണമെന്ന് ഹെലികോപ്റ്റർ ഉപയോഗിച്ചുളള പരീക്ഷണം ബോധ്യപ്പെടുത്തിയെന്ന് എല്ലിസൺ അവകാശപ്പെടുന്നു. കുത്തനെ പറന്ന് പൊങ്ങുന്നതും കുത്തനെ ഇറങ്ങുന്നതുമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനങ്ങൾ എന്ന സങ്കൽപ്പം വിവിധ വിമാന നിർമ്മാണകമ്പനികൾ ചേർന്ന് യാഥാർത്ഥ്യമാക്കും.

ആകാശ ഗതാഗത സംവിധാനത്തിന്റെ സാധ്യതകളെ കുറിച്ച് ടോക്കിയോ പരിശോധിക്കുകയാണ്. 2020 ലെ ഒളിംപിക്സിന്റെ ഭാഗമായി ഗതാഗതകുരുക്കിന് പരിഹാരമായാണ് ടോക്കിയോ ഇത് ആലോചിക്കുന്നത്. കാറുകൾ പാറിനടക്കുന്ന നഗരാകാശമാണ് താൻ കാത്തിരിക്കുന്നതെന്ന് ടോക്കിയോ മേയർ യൂറികോ കോയികേ പറഞ്ഞു.

യൂബർ എലിവേറ്റ് സമ്മിറ്റിൽ യൂബർ ഇന്ത്യയുടെ ക്ഷണപ്രകാരം പങ്കെടുക്കുകയാണ് ലേഖകൻ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uberair flights india among five countries shortlisted