ന്യൂഡൽഹി: കൊറോണ വൈറസിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് രണ്ടാം ഘട്ട പിരിച്ചു വിടൽ പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഊബർ. ആദ്യ ഘട്ടത്തിൽ 3700 ജീവനക്കാരെ പിരിച്ചു വിട്ട കമ്പനി, ഇക്കുറി 3000 ജീവനക്കാരെ കൂടി പിരിച്ചു വിടുകയാണ്. ജീവനക്കാർക്ക് അയച്ച ഇ-മെയിലിലാണ് ഊബർ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്.
ഏപ്രിലിൽ ആഗോളതലത്തിൽ ഊബറിന്റെ വരുമാനം 80 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് പുതിയ നടപടികൾ. കൊറോണ വൈറസ് പകർച്ചവ്യാധി വകവയ്ക്കാതെ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിൽ ഊബർ ടെക്നോളജീസ് തങ്ങളുടെ പ്രധാന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 23 ശതമാനം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു.
അടുത്ത 12 മാസത്തിനുള്ളിൽ കമ്പനി സിംഗപ്പൂരിലെ ഓഫീസ് നിർത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയിൽ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ പിയർ 70 ലെ ഓഫീസ് ഉൾപ്പെടെ 45 ഓളം ഓഫീസുകളും ഊബർ അടയ്ക്കും.
ഭക്ഷ്യ വിതരണ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി ഗ്രബ് ഹബ് ഇങ്കുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി, നോൺ-കോർ ഇതര പദ്ധതികളിലെ നിക്ഷേപം കുറയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. സെൽഫ് ഡ്രൈവ് കാറുകളുടെയും മറ്റ് നൂതന സാങ്കേതിക വിദ്യയുടെയും പരീക്ഷണങ്ങൾ നടത്തുന്ന സാൻഫ്രാൻസിസ്കോയിലെ ഓഫീസും ഊബർ അടച്ചു പൂട്ടും. 2020ൽ പ്രവർത്തന ചെലവ് പതിനായിരം ലക്ഷമായി ചുരുക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്.
നേരത്തേ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ, കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കമ്പനിയുടെ ബിസിനസിൽ നാടകീയമായ തരത്തിലുള്ള മാറ്റങ്ങളാണുണ്ടായതെന്നും അതിൽ പലമാറ്റങ്ങളും സ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്നും ഇതിനാലാണ് ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികൾ സ്വികരിക്കുന്നതെന്നും ദീപേന്ദർ ഗോയലിന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു.
കമ്പനിയിൽ നിലനിർത്തുന്ന ജീവനക്കാരുടെ ശമ്പളം ആറുമാസത്തേക്ക് വെട്ടിച്ചുരുക്കുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു. ജൂൺ മുതൽ ആറുമാസത്തേക്ക് 50 ശതമാനം വരെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുക. ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനമാണ് പിടിക്കുക. കുറഞ്ഞ വരുമാനമുള്ളവരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നതിൽ ആനുപാതികമായ കുറവുണ്ടാവും. സമ്പദ്‌വ്യവസ്ഥ തിരിച്ച് ട്രാക്കിൽ കയറുന്നതോടെ ശമ്പളം മുഴുവനായി നൽകുന്നത് പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൊമാറ്റോയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.